തൂത്തുക്കുടി: സ്റ്റെർലൈറ്റ് കോപ്പർ ഇൻഡസ്ട്രീസ് പ്ലാന്റിനെതിരെ തൂത്തുക്കുടിയിൽ സമരം നടത്തിയവർക്കുനേരെ പൊലീസ് നടത്തിയ വെടിവയ്‌പിനെ ന്യായീകരിച്ച് മുഖ്യമന്ത്രി ഇ.കെ.പളനി സ്വാമി രംഗത്ത്. തൂത്തുക്കുടിയി​ൽ 13 പേർ പൊലീസ് വെടിവയ്‌പിൽ കൊല്ലപ്പെട്ടിരുന്നു. ഈ​ വെടിവയ്‌പ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ സ്വാഭാവിക തിരിച്ചടി മാത്രമാണെന്നാണ് മുഖ്യമന്ത്രി ഇ.കെ.പളനി സ്വാമിയുടെ പ്രതികരണം.

“ആരെങ്കിലും നിങ്ങളെ അടിച്ചാൽ നിങ്ങളത് സ്വയം പ്രതിരോധിക്കാൻ ശ്രമിക്കും. അത്തരം സാഹചര്യങ്ങളിൽ ആർക്കും മുൻകൂട്ടി തീരുമാനിച്ച് പെരുമാറാൻ സാധിക്കില്ല” പളനിസ്വാമി ട്വിറ്ററിൽ എഴുതി.  പ്രതിഷേധക്കാരെ രാഷ്ട്രീയ പാർട്ടികൾ വഴിതെറ്റിക്കുകയാണെന്ന്  മുഖ്യമന്ത്രി  ആരോപിച്ചു.

സ്റ്റെർലൈറ്റ് കോപ്പർ ഇൻഡസ്ട്രീസ് പ്ലാന്റിനെതിരെ തൂത്തുക്കുടിയിൽ സമരം നടത്തിയവർക്കുനേരെ പൊലീസ് നടത്തിയ വെടിവയ്‌പിൽ പ്രതിഷേധിച്ച് ഡിഎംകെ നാളെ സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു. നാളെ (മെയ് 25) ഡിഎംകെ സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തുവെന്ന് എഎൻഐയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൂത്തുക്കൂടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.

അതിനിടെ, തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് പ്ലാന്റ് അടച്ചു പൂട്ടാൻ ഉത്തരവിറക്കി. പ്ലാന്റിലേക്കുളള വൈദ്യുതി ബന്ധം സർക്കാർ വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. പ്ലാന്റിന്റെ രണ്ടാംഘട്ട വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സർക്കാർ വൈദ്യുതിബന്ധം വിച്ഛേദിച്ചത്.

തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി ജില്ലകളിൽ മൊബൈൽ ഡേറ്റ, ഇന്റർനെറ്റ് സേവനങ്ങൾക്ക് മെയ് 27 വരെ നിരോധനം ഏർപ്പെടുത്തി. സോഷ്യൽ മീഡിയ വഴിയുളള വ്യാജ പ്രചാരണങ്ങൾ തടയുന്നതിനാണിത്. കോളുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ല.

സമരക്കാർക്കുനേരെ പൊലീസ് നടത്തിയ വെടിവയ്‌പിൽ ഇതുവരെ 13 പേരാണ് കൊല്ലപ്പെട്ടത്. സമരക്കാർക്കുനേരെയുളള പൊലീസ് ക്രൂരതയുടെ മുഖം വെളിവാകുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 22 കാരനായ കാളിയപ്പനെ വെടിവച്ചശേഷം പൊലീസുകാർ ചുറ്റും കൂടിനിന്ന് ലാത്തി കൊണ്ട് തട്ടി ‘അഭിനയിക്കാതെ എഴുന്നേറ്റ് പൊയ്ക്കോ’ എന്നു പറയുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഒരു പ്രാദേശിക ചാനലിലെ റിപ്പോർട്ടർ ഷൂട്ട് ചെയ്ത വീഡിയോയാണ് പുറത്തായത്. വെടിവയ്‌പിൽ പരുക്കേറ്റ കാളിയപ്പൻ ആശുപത്രിയിലാണ് മരണമടഞ്ഞത്.

രണ്ടു ദിവസങ്ങളിലായി നടന്ന വെയിവയ്‌പിലാണ് 13 പേർ കൊല്ലപ്പെട്ടത്. അതേസമയം, സമരക്കാർ കല്ലേറ് നടത്തിയതിനാലാണ് വെടിവച്ചതെന്നാണ് പൊലീസ് ഭാഷ്യം. സംഘർഷം തടയുന്നതിൽ വീഴ്‌ച വരുത്തിയതിന് തൂത്തുക്കുടി പൊലീസ് മേധാവിയെയും ജില്ലാ കലക്ടറെയും സ്ഥലം മാറ്റിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook