/indian-express-malayalam/media/media_files/uploads/2021/06/Sharad-Pawar-Prasanth-Kishore.jpg)
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ വീണ്ടും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. പവാറിന്റെ വസതിയില്‍ ഇന്നലെ എട്ട് പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ ഒത്തുകൂടി രാജ്യം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിനുപിന്നാലെയാണു പ്രശാന്ത് കിഷോര്‍ വീണ്ടും പവാറിനെ കണ്ടത്.
പവാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടതായാണു ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന വിവരം. രണ്ടാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്.
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തകര്‍പ്പന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പ്രശാന്ത് കിഷോര്‍ ജൂണ്‍ 11 ന് ശരദ്പവാറിന്റെ മുംബൈയിലെ വസതിയില്‍ സന്ദര്‍ശിച്ചിരന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച പവാറിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു രണ്ടാമത്തെ കൂടിക്കാഴ്ച.
പവാറുമായുള്ള പ്രശാന്ത് കിഷോറിന്റെ കൂടിക്കാഴ്ച ബി.ജെ.പിക്കെതിരെ മൂന്നാം മുന്നണി രൂപീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുചേരാനുള്ള സാധ്യത സംബന്ധിച്ച ഊഹങ്ങള്‍ക്ക് ആക്കംകൂട്ടിയിരിക്കുകയാണ്. ഇന്നലെ പവാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, രാഷ്ട്രീയ ലോക്ദള്‍, സിപിഎം, സിപിഐ തുടങ്ങി എട്ടു പാര്‍ട്ടികളുടെ പ്രതിനിധികളാണു പങ്കെടുത്തത്.
അതേസമയം, രാഷ്ട്രീയ മഞ്ച് നടത്തിയ സമാന ചിന്താഗതിക്കാരായ വ്യക്തികളുടെ ''രാഷ്ട്രീയേതര'' യോഗമാണിതെന്നാണ് ചര്‍ച്ചകളില്‍ പങ്കെടുത്ത നേതാക്കള്‍ വ്യക്തമാക്കിയത്. മുന്‍ ധനമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ യശ്വന്ത് സിന്‍ഹയും മറ്റുള്ളവരും ചേര്‍ന്നാണ് യോഗം സംഘടിപ്പിച്ചത്.
Also Read: കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല, എസ്പി നേതാവ് ഗാന്‍ഷ്യം തിവാരി, ആര്‍എല്‍ഡി പ്രസിഡന്റ് ജയന്ത് ചൗധരി, ആം ആദ്മി പാര്‍ട്ടി പ്രതിനിധി സുശീല്‍ ഗുപ്ത, സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം നിലോത്പാല്‍ ബസു, തൃണമൂല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് യശ്വന്ത് സിന്‍ഹ, കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝാാ, ജെഡിയു മുന്‍ നേതാവ് പവന്‍ വെര്‍മ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. ഇവര്‍ക്കു പുറമെ ജാവേദ് അക്തര്‍, മുന്‍ അംബാസഡര്‍ കെസി സിങ്, റിട്ട. ജസ്റ്റിസ് എപി ഷാ തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.
പ്രതിപക്ഷ നേതാക്കളുടെ ഈ യോഗത്തിനു മുന്നോടിയായി ശരദ് പവാറിന്റെ അധ്യക്ഷതയില്‍ എന്‍സിപി ദേശീയ എക്‌സിക്യൂട്ടീവ് യോഗം നടന്നിരുന്നു. ഈ യോഗം ''പാര്‍ട്ടിയുടെ ഭാവി നയങ്ങള്‍, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പങ്ക്, നിലവിലെ ദേശീയ പ്രശ്‌നങ്ങള്‍'' എന്നിവയെക്കുറിച്ച് വിശദമായ ചര്‍ച്ച ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.