ബെംഗളുരു: കർണാടക തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മുന്‍ തൂക്കമെന്ന ബിബിസിയുടെ സര്‍വ്വേ റിപ്പോര്‍ട്ട് വ്യാജം. ബിബിസി തന്നെയാണ് ഇത്തരത്തിലൊരു സർവ്വേ തങ്ങള്‍ നടത്തിയിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയും സ്‌ക്രീന്‍ ഷോട്ടുമെല്ലാം വ്യാജമാണെന്നും അറിയിച്ചിരിക്കുന്നത്.

ട്വിറ്ററിലൂടെയായിരുന്നു വ്യാജ സർവ്വേയ്‌ക്കെതിരെ ബിബിസി രംഗത്തെത്തിയത്. വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും ബിബിസി ട്വീറ്റ് ചെയ്തിട്ടുണ്ട്. കർണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തങ്ങള്‍ സർവ്വേ നടത്തിയെന്നത് വ്യാജമാണെന്നും ഇന്ത്യയിലെ ഒരു തിരഞ്ഞെടുപ്പിനെ കുറിച്ചും സർവ്വേ നടത്തിയിട്ടില്ലെന്നും ബിബിസി പറയുന്നു.

കർണാടകയില്‍ ബിജെപി 135 സീറ്റുകള്‍ നേടുമെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തയില്‍ പറയുന്നത്. ജനതാ കി ബാത്ത് എന്ന പേരിലാണ് സർവ്വേ നടത്തിയതെന്നും സന്ദേശത്തില്‍ പറയുന്നു. സന്ദേശത്തോടൊപ്പം ബിബിസി വാര്‍ത്തയുടെ ലിങ്കുമുണ്ടായിരുന്നു. എന്നാല്‍ ഈ ലിങ്കില്‍ കയറിയാല്‍ എത്തിച്ചേരുക ബിബിസി ഇന്ത്യയുടെ പേജിലാണെന്ന് മാത്രം.

വ്യാജ സർവ്വേയില്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് പറഞ്ഞത് വെറും 35 സീറ്റുമാത്രമായിരുന്നു. ജനതാദളിനെക്കാളും പിന്നിലാണിത്. അതേസമയം, ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും അടക്കമുള്ള കക്ഷികളുടെ സീറ്റുകള്‍ കൂട്ടിയാല്‍ കിട്ടുക 234 സീറ്റകളാണ്. യഥാര്‍ത്ഥത്തില്‍ കർണാടകയില്‍ ആകെ ഉള്ളത് 224 സീറ്റുകള്‍ മാത്രമാണ്.

അതേസമയം, ബിജെപി പണ്ടുമുതലേ തുടരുന്ന തന്ത്രമാണിതെന്ന് റിപ്പോര്‍ട്ടിനോടു പ്രതികരിച്ചുകൊണ്ട് കര്‍ണാടക ഐ.ടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. നേരത്തെ ഒരു വ്യാജ വെബ്സൈറ്റ് നിര്‍മ്മിച്ച് അതുവഴിയും ഇത്തരം വ്യാജ സര്‍വ്വേകള്‍ പ്രചരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook