ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ വനിതാ കോളേജില്‍ വിദ്യാർഥിനികളുമായി സംവാദം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നാല്‍ രാഹുല്‍ സംസാരിച്ചത് എന്താണെന്ന പൂര്‍ണമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

സ്റ്റെല്ല മേരീസ് കോളേജില്‍ മാര്‍ച്ച് 13നാണ് രാഹുല്‍ ഗാന്ധി എത്തിയത്. അന്ന് കോളേജ് അധികൃതരോട് സംവാദം നടത്താന്‍ അനുമതി വാങ്ങിയതില്‍ ചട്ടലംഘനമില്ലെന്നാണ് തമിഴ്നാട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയത്. അനുമതിയോടെയാണ് രാഹുല്‍ ഗാന്ധി കോളേജിലെത്തിയതെന്ന് ജില്ലാ തിരഞ്ഞെടുക്ക് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി.

എന്നാല്‍ എത്തരത്തിലുളള പ്രസംഗമാണ് രാഹുല്‍ നടത്തിയതെന്ന് അറിയിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ നില്‍ക്കെ രാഹുലിന് എങ്ങനെയാണ് പരിപാടി അവതരിപ്പിക്കാന്‍ അനുമതി നല്‍കിയതെന്ന് കണ്ടെത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടായിരുന്നു രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവാദം നടത്തിയത്.

ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചാണ് രാഹുല്‍ വിദ്യാര്‍ഥികളോട് സംവദിക്കാനെത്തിയത്. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തിനായി ചെലവഴിക്കുന്ന തുകയുടെ തോത് വളരെ കുറവാണെന്നും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഇത് വര്‍ധിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു. ആറ് ശതമാനത്തിന്റെയെങ്കിലും വര്‍ധനവ് പ്രതീക്ഷിക്കാമെന്ന് രാഹുല്‍ വ്യക്തമാക്കി. ഫണ്ട് മാത്രമല്ല പ്രശ്‌നം. വിദ്യാഭ്യാസ രംഗം കൂടുതല്‍ സ്വതന്ത്രമാകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തൊഴില്‍മേഖലയിലും 33 ശതമാനം സ്ത്രീ സംവരണം പൂര്‍ണമായും നടപ്പാക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. സംവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി സര്‍ക്കാരിനേയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങളില്‍ ഭാരം ഏല്‍പ്പിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് പറഞ്ഞ രാഹുല്‍ നോട്ട് നിരോധനത്തെ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ എന്ന് വിദ്യാര്‍ത്ഥികളോട് ചോദിച്ചു. ഇല്ല എന്നായിരുന്നു വിദ്യാർഥികളുടെ മറുപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook