ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകള്‍കൊണ്ട് നിറഞ്ഞൊരു വര്‍ഷമാണ്‌ 2018. ഈ വര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ നാഗാലാ‌‍ന്‍ഡ്, ത്രിപുര, മേഘാലയ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ രണ്ടാം പകുതിയില്‍ ബിജെപി അധികാരത്തിലുള്ള ചത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും മിസോറാമിലുമാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി പ്രസിഡന്റ് അമിത് ഷായും നേതൃത്വം നല്‍കുന്ന എന്‍ഡിഎ തിരഞ്ഞെടുപ്പുകള്‍ തൂത്തുവാരുന്ന കാഴ്ചയാണ് ഇക്കഴിഞ്ഞ വര്‍ഷം കണ്ടത്. അതേസമയം പുതിയ അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്ക് കീഴില്‍ വര്‍ദ്ധിച്ച ഉത്സാഹത്തോടെ കാണപ്പെട്ട കോണ്‍ഗ്രസും മികച്ചൊരു മടങ്ങിവരവ് പ്രതീക്ഷിക്കുന്നു. എട്ടോളം സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പ് കാത്തിരിക്കുമ്പോള്‍ രാഹുൽ ഗാന്ധിക്ക് മുന്നിലുള്ള വെല്ലുവിളി ചില്ലറയല്ല. 2019ല്‍ നടക്കുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ഭരണവിരുദ്ധവികാരം ഉപയോഗപ്പെടുത്തുക എന്നതും രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുകൂലമാക്കി ബിജെപിക്ക് ബദലാവുക എന്നതും രാഹുൽ ഗാന്ധിക്ക് മുന്നിലുള്ള കടമ്പകളാണ്.

അതേസമയം, ഈ തിരഞ്ഞെടുപ്പുകളിലൊക്കെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളും ചെറുതല്ലാത്ത പങ്ക് വഹിക്കും. സര്‍ക്കാരുകള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായകമാകുന്നതോടൊപ്പം അട്ടിമറി തീര്‍ക്കാനും അവര്‍ക്കാകും. സര്‍വോപരി 2019ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന്റെ ഒരു മുഖചിത്രമാകും ഈ എട്ട് സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകള്‍.

2018ല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും അവിടത്തെ സാഹചര്യങ്ങളും

കര്‍ണാടക
തിരഞ്ഞെടുപ്പ് നേരിടുന്ന ഒരേയൊരു തെന്നിന്ത്യന്‍ സംസ്ഥാനമാണ് കര്‍ണാടക. 2018 മേയില്‍ കാലാവധി തീരുന്ന കര്‍ണാടക അസംബ്ലി ഏപ്രിലിലാകും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക. 225 അംഗങ്ങളുള്ള അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികള്‍ വരും മാസങ്ങളില്‍ പ്രഖ്യാപിക്കും എന്നാണ് കണക്കാക്കുന്നത്. നിലവില്‍ 132 സീറ്റുകളുള്ള കോണ്‍ഗ്രസ് ആണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപി 44 സീറ്റുകള്‍ നേടിയപ്പോള്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുടെ ജനതാദള്‍ (സെക്യുലര്‍) ഒരു നിര്‍ണായക ശക്തിയായി നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 40 സീറ്റുകള്‍ നേടിയെങ്കിലും എട്ട് എംഎല്‍എമാരെ പിന്നീട് പാര്‍ട്ടി സസ്പെന്‍റ് ചെയ്യുകയായിരുന്നു.

മധ്യപ്രദേശ്
നിലവില്‍ ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്ത് 230 അസംബ്ലി മണ്ഡലങ്ങളാണ് ഉള്ളത്. 2013 തിരഞ്ഞെടുപ്പില്‍ 165 സീറ്റുകളാണ് ബിജെപി നേടിയത്. 57 സീറ്റുകള്‍ മാത്രമാണ് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന് സ്വന്തമാക്കാനായത്. മൂന്നാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശിവരാജ് സിങ് ചൗഹാന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കാനാകും ശ്രമിക്കുക. ജനുവരി 2019ലാണ് നിലവിലെ സര്‍ക്കാരിന്‍റെ കാലാവധി കഴിയുക എന്നിരിക്കെ ഈ വര്‍ഷം അവസാനം തന്നെ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.

രാജസ്ഥാന്‍
2019 ജനുവരി അവസാനത്തോടെ കാലാവധി അവസാനിക്കുന്ന വസുന്ധരാ രാജെയുടെ കീഴിലുള്ള ബിജെപി സര്‍ക്കാര്‍ നവംബറിലാകും തിരഞ്ഞെടുപ്പ് നേരിടുക. 200 സീറ്റുകളുള്ള അസംബ്ലിയിലേക്ക് മടങ്ങിവരാനാകും കോണ്‍ഗ്രസിന്‍റെ ശ്രമം. കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയ ഒരു തിരഞ്ഞെടുപ്പായിരുന്നു 2013ലേത്. ബിജെപി 163 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ 21സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. വര്‍ദ്ധിച്ചു വരുന്ന ഹിംസ, ആള്‍കൂട്ട കൊലപാതകങ്ങള്‍, വര്‍ഗീയത എന്നിവ ബിജെപിക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.

ഛത്തീസ്‌ഗഡ്
മൂന്ന് തവണകള്‍ പൂര്‍ത്തിയാക്കിയ രാമണ്‍ സര്‍ക്കാര്‍ നാലാം തവണയും തിരഞ്ഞെടുപ്പ് നേരിടുക വിജയം പ്രതീക്ഷിച്ചുകൊണ്ടാകും. എന്തിരുന്നാലും കോണ്‍ഗ്രസില്‍ നിന്നും കടുത്ത വെല്ലുവിളിയാണ് ബിജെപി നേരിടുന്നത്. 2013ലെ തിരഞ്ഞെടുപ്പില്‍ 90 സീറ്റുകളുള്ള അസംബ്ലിയില്‍ 50 സീറ്റുകളാണ് ബിജെപി നേടിയത്. 39 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇക്കുറി കടുത്ത വെല്ലുവിളിയാകും.

നാഗാലാ‌‍ന്‍ഡ്
ഈ വര്‍ഷത്തെ ആദ്യ തിരഞ്ഞെടുപ്പ് നാഗാലാ‌‍ന്‍ഡിലേതാകും. ഫെബ്രുവരിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താനാകും ഭരണകക്ഷിയായ നാഗാലാ‌‍ന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് ശ്രമിക്കുക. 2013 തിരഞ്ഞെടുപ്പില്‍ 60ല്‍ 37 സീറ്റ് നേടിയാണ്‌ എന്‍പിഎഫ് അധികാരമേറ്റത്. ബിജെപിക്കും കോണ്‍ഗ്രസിനും നാഗാലാന്‍ഡ്‌ ഒരു ബാലികേറാമലയാണ്. 2013ല്‍ കോണ്‍ഗ്രസ് എട്ട് സീറ്റുകള്‍ നേടിയപ്പോള്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് ബിജെപി സ്വന്തമാക്കിയത്.

മേഘാലയ
ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു വടക്കുകിഴക്കന്‍ സംസ്ഥാനമാണ് മേഘാലയ. മുകുള്‍ സാങ്മയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് മേഘാലയ ഭരിക്കുന്നത്. 60 സീറ്റുകളുള്ള അസംബ്ലിയില്‍ 29 സീറ്റുകളാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് സ്വന്തമാക്കിയത്. സ്വതന്ത്ര സ്ഥാനാര്‍ഥികളെ പലപ്പോഴും തുണച്ചിട്ടുള്ള മേഘാലയ ബിജെപിയും ഏറെ താത്പര്യംവയ്ക്കുന്നു. മേഘാലയയിലൂടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സാന്നിധ്യമാക്കാം എന്ന ലക്ഷ്യത്തോടെയാകും ബിജെപി തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുക.

ത്രിപുര
അഞ്ച് തവണകളായി തുടരുന്ന ഭരണം നിലനിര്‍ത്താനാകും മാണിക് സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുക. സിപിഎം ശക്തികേന്ദ്രമായി അറിയപ്പെടുന്ന സംസ്ഥാനത്ത് ശക്തമായൊരു പോരാട്ടം കാഴ്ചവയ്ക്കാനാകും കോണ്‍ഗ്രസിന്‍റെയും ശ്രമം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 60ല്‍ 49 സീറ്റും നേടിയാണ്‌ സിപിഎം അധികാരം നിലനിര്‍ത്തിയത്.

മിസോറം
മാരാലാന്‍ഡ് ഡെമോക്രാറ്റിക്‌ ഫ്രണ്ട് പോലൊരു കക്ഷിയെ ഒപ്പം ചേര്‍ക്കാന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് ബിജെപി മിസോറം തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നത്. പുതിയ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും അകറ്റാന്‍ സഹായകമാകും എന്ന് ബിജെപി വിശ്വസിക്കുമ്പോള്‍ ഭരണത്തുടര്‍ച്ചയാകും കോണ്‍ഗ്രസ് ലക്ഷ്യം. 2013ലെ തിരഞ്ഞെടുപ്പില്‍ ആകെയുള്ള നാല്‍പ്പതില്‍ 34 സീറ്റുകളും നേടിയത് കോണ്‍ഗ്രസ് ആണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook