ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ രാഹുലിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
പാർട്ടിയിലെ മുതിർന്ന നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, പഞ്ചാബ് കാര്യങ്ങളുടെ ചുമതലയുള്ള ഹരീഷ് റാവത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ.
കൂടിക്കാഴ്ച ഏത് വിഷയത്തിലാണെന്ന് വ്യക്തമല്ലെങ്കിലും കോൺഗ്രസ് പഞ്ചാബിലെ യൂണിറ്റിലെ കലഹത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം. കഴിഞ്ഞ മാസങ്ങളിൽ പഞ്ചാബ് കോൺഗ്രസ്സിൽ പ്രതിസന്ധി രൂക്ഷമായിരുന്നു. പഞ്ചാബിൽ അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രശ്നത്തിൽ പരിഹാരം കാണാനാവാത്തതിൽ പാർട്ടിയിലെ നേതാക്കൾ അസ്വസ്ഥരാണ്.
കഴിഞ്ഞയാഴ്ച പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പ്രശാന്ത് കിഷോറിനെ ഡൽഹി മുഖ്യമന്ത്രിയുടെ വസതിയായ കപൂർത്തല ഹൗസിൽ സന്ദർശിച്ചിരുന്നു.
അമരീന്ദറിന്റെ മുഖ്യ ഉപദേശകനായി നിയമിതനായ കിഷോർ കേരളവും പശ്ചിമ ബംഗാളും ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ പഞ്ചാബിലെത്തിയിരുന്നു.