കോൺഗ്രസിൽ ചേരാനുള്ള പാർട്ടിയുടെ വാഗ്ദാനം നിരസിച്ചതിന് പിന്നാലെ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള സൂചനകൾ നൽകി പ്രശാന്ത് കിഷോർ. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ കിഷോർ സിവിൽ സൊസൈറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച ആരംഭിക്കുകയും നല്ല ഭരണത്തെക്കുറിച്ച് അഭിപ്രായം തേടുന്നതിനുള്ള ഒരു കാമ്പയിനായ ജൻ സൂരജ് ആരംഭിക്കുകയും ചെയ്തു.
“ജനാധിപത്യത്തിൽ അർത്ഥവത്തായ പങ്കാളിയാകാനും ജനപക്ഷ നയം രൂപപ്പെടുത്താനുമുള്ള എന്റെ അന്വേഷണം 10 വർഷത്തെ വളവുകളും തിരിവുകളുമുള്ള യാത്രക്ക്! ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ, പ്രശ്നങ്ങളും “ജൻ സൂരജ്”-സദ് ഭരണത്തിലേക്കുള്ള പാതയും നന്നായി മനസ്സിലാക്കാൻ യഥാർത്ഥ ഉടമകളായ, ജനങ്ങളിലേക്ക് പോകാനുള്ള സമയമായി,” കിഷോർ തിങ്കളാഴ്ച ഒരു ട്വീറ്റിൽ പറഞ്ഞു, ‘ബീഹാറിൽ നിന്ന് ആരംഭിക്കുന്നു,’ എന്ന ടാഗ്ലൈനോടെയാണ് കിഷോർ ട്വീറ്റ് ചെയ്തത്.
ഡോക്ടർമാർ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ എന്നിവരുൾപ്പെടെ സിവിൽ സമൂഹത്തിൽ നിന്നുള്ള 80-100 പ്രമുഖ വ്യക്തികളുടെ പട്ടിക ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ എല്ലാവരേയും അദ്ദേഹം നേരിട്ട് കാണുമെന്നും കിഷോറിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. പ്രമുഖ വിവരാവകാശ പ്രവർത്തകൻ ശിവപ്രകാശ് റായ്, സാമൂഹിക പ്രവർത്തകൻ മുകേഷ് ഹിസാരിയ, മോത്തിഹാരി ഡോക്ടർ പർവേസ് അസീസ്, സാമൂഹിക സംരംഭകൻ ഇർഫാൻ ആലം എന്നിവരുമായി കിഷോർ കൂടിക്കാഴ്ച നടത്തും
“ബീഹാറിൽ ജോലി ചെയ്തിട്ടുള്ള ആളുകളിലേക്ക് എത്തിച്ചേരുകയും ബീഹാറിന് എന്താണ് വേണ്ടതെന്ന് നിർദ്ദേശിക്കുകയും ചെയ്യുക,” എന്നതാണ് ആശയമെന്ന് കിഷോറിനോട് അടുപ്പമുള്ളവർ പറഞ്ഞു. കിഷോർ രാഷ്ട്രീയക്കാരെയും കാണുന്നുണ്ടെന്നും അവർ പറഞ്ഞു.