ഹൈദരാബാദ്: പ്രതിപക്ഷ ഇടത്തിന്റെ നിയന്ത്രണം പിടിക്കാനുള്ള ബിജെപി ഇതര കക്ഷികള്‍ക്കിടയിലെ തിരക്കിനിടെ മറ്റൊരു നീക്കവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. മൂന്ന് ദിവസത്തെ തിരക്കുപിടിച്ച പരിപാടികളുമായി ഡല്‍ഹിയിലുള്ള അദ്ദേഹം മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായും ബികെയു നേതാവ് രാകേഷ് ടികായുമായുള്ള കൂടിക്കാഴ്ച നടത്തിയേക്കും.
വിവാദമായ അഖിലേന്ത്യാ സര്‍വീസ് കേഡര്‍ നിയമ ഭേദഗതി സംബന്ധിച്ച യോഗങ്ങള്‍ക്കും റാവുവിന്റെ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുന്നുണ്ട്. അഖിലേന്ത്യാ സര്‍വീസ് കേഡര്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിനെ റാവു നേരത്തെ എതിര്‍ത്തിരുന്നു. ഉദ്യോഗസ്ഥരുടെ സുഗമവും സന്തുലിതവുമായ വിന്യാസം ഉറപ്പാക്കാന്‍ നിലവിലുള്ള വ്യവസ്ഥകള്‍ പര്യാപ്തമാണെന്ന് വാദിച്ചുകൊണ്ടായിരുന്നു ഇത്.
ഭേദഗതികള്‍ ‘ഭരണഘടനയുടെ ഫെഡറല്‍ ഘടനയ്ക്കെതിരെ അക്ഷരത്തിലും ആത്മാവിലും പോരാടുന്നു’വെന്ന് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഭരണംപിടിച്ചാല്‍ അത് കേജ്‌രിവാളിനെ ബിജെപിക്കെതിരായ കാര്യമായ എതിരാളിയാക്കി മാറ്റും. കോണ്‍ഗ്രസിനെയും ബിജെപിയെയും എതിര്‍ക്കുന്ന പാര്‍ട്ടികളുടെ സഖ്യത്തെക്കുറിച്ച് കേജ്‌രിവാളുമായി റാവു സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേജ്‌രിവാള്‍ ഡല്‍ഹിയില്‍ ഇല്ലാത്തതിനാല്‍ പദ്ധതി അന്തിമമായിട്ടില്ല.
ഡല്‍ഹി യാത്രയ്ക്കു മുന്നോടിയായി റാവു രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തിന്റെ രൂപരേഖകള്‍ പ്രഖ്യാപിക്കാന്‍ ഉത്തര്‍പ്രദേശ് ഫലത്തിനായി പ്രതിപക്ഷം കാത്തിരിക്കവെ, ഈ നീക്കം ഉറ്റുനോക്കപ്പെടുന്നതാണ്. മമതാ ബാനര്‍ജിയുടെ ടീമിലെ ഒരു പ്രധാന മുഖമായ അദ്ദേഹം, ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ അടുത്തിടെ ചെന്നൈയില്‍ നടത്തിയ ബിജെപി വിരുദ്ധ പ്രതിപക്ഷ സംഗമം നടത്തിന് പൊടുന്നനെ എത്തിയിരുന്നു. ചന്ദ്രശേഖര്‍ റാവു പരിപാടിക്കെത്തിയില്ലെങ്കിലും നേരത്തെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രധാനമന്ത്രി മോദിയുടെ വാരണാസി ലോക്സഭാ സീറ്റില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പം വ്യാഴാഴ്ച സംയുക്ത റാലിയെ അഭിസംബോധന ചെയ്യാന്‍ ഒരുങ്ങുകയാണ് മമത ബാനര്‍ജി. റാവുവും ഇവര്‍ക്കൊപ്പം ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍
ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
ചന്ദ്രശേഖര്‍ റാവു കഴിഞ്ഞയാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സന്ദര്‍ശിച്ചിരുന്നു. ജനുവരിയില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് അദ്ദേഹത്തെ കാണാന്‍ ഹൈദരാബാദിലെത്തിയിരുന്നു. അതിനു മുന്നോടിയായി സിപിഐ, സിപിഎം ഉന്നത നേതാക്കളും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
ഡല്‍ഹിയിലുള്ള ചന്ദ്രശേഖര്‍ റാവു തെലങ്കാനയിലെ നവീകരിച്ച യാദാദ്രി ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ക്ഷണിക്കുകയും ദക്ഷിണ ഡല്‍ഹിയില്‍ നിര്‍മാണത്തിലിരിക്കുന്ന പുതിയ ടിആര്‍എസ് ഓഫീസിന്റെ പ്രവൃത്തി വിലയിരുത്തുകയും ചെയ്യും.