പുണെ: ഇന്ത്യയുടെ വിനാശകരമായ രാഷ്ട്രീയ ഭൂമികയിൽ ശാസ്ത്രീയ വികസനത്തിനും പുതിയ കുതിപ്പിനും സാദ്ധ്യതകൾ തീരെ ഇല്ലാതായിരിക്കുന്നതായി ശാസ്ത്രജ്ഞർ. ആശകളറ്റ ഈ വേളയിൽ ഒരുമിക്കാനും, തുറന്നു പറയാനും ആവശ്യപ്പെട്ടുകൊണ്ട് പുണെയിൽ ശാസ്ത്രജ്ഞരുടെ വാർഷികയോഗം പുരോഗമിക്കുന്നു. “നിശബ്ദരായി ഇരുന്ന് ശാസ്ത്രജ്ഞർ ഉള്ള ആദരവ് കളഞ്ഞു കുളിക്കരുത് ” സമ്മേളനത്തിൽ ശാസ്ത്രജ്ഞർ പറഞ്ഞു.
ദ്രോഹകരമായ രാഷ്ട്രീയ അന്തരീക്ഷവും, അന്യം നിന്നുപോയ ശാസ്ത്രീയ പ്രായോഗികതകളും മൂലം രാജ്യത്ത് ശാസ്ത്രമേഖല ഇന്ന് ഭീഷണി നേരിടുകയാണ്. കാലപഴക്കം ചെന്ന ശാസ്ത്ര ബോധവും മാതൃകകളും കൊണ്ട് ഇരുപത്തി ഒന്നാം നൂറ്റാണ്ടിനെ അഭിമുഖീകരിക്കാൻ ഭാരതത്തിനാവില്ലെന്നു ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയിലെ മുതിർന്ന ശാസ്ത്രജ്ഞൻ എസ്.ശിവറാം പറഞ്ഞു.
“ഇന്ത്യൻ സയൻസിന് പ്രവർത്തിക്കാൻ ഇന്ന് പുതിയ ലോകവും, വിഷയങ്ങളും, കഥകളും വേണം. ഇന്ത്യൻ ശാസ്ത്രലോകം വളരെ പഴയതാണ്, പഴയ കഥകളുടേതാണ്. പുതിയ കാര്യങ്ങൾ പറയാനുണ്ടോ എന്ന് ചിന്തിക്കേണ്ടത് അനിവാര്യമാണ് “. ശിവറാം വ്യക്തമാക്കുന്നു.
ഇന്ത്യയിൽ ശാസ്ത്ര രംഗത്ത് ഗവേഷണത്തിനുള്ള സാധ്യതകൾ മങ്ങിയിട്ടു നാളേറെയായി. ഫണ്ടിന്റെ അഭാവമാണ് കാരണം. ഈ സാഹചര്യത്തിൽ ശാസ്ത്രജ്ഞരുടെ സമൂഹം നിശബ്ദരായി ഒന്നും തുറന്നു പറയാതെ ഇരിക്കുന്നത് ഈ രംഗത്തെ വലിയ ഭീഷണിയാണെന്ന് സമ്മേളനം വിലയിരുത്തി.
ശാസ്ത്ര ലോകവുമായി ബന്ധപെട്ടു പലപ്പോഴും പുറത്തു വരുന്ന പ്രസ്താവനകൾക്ക് നേരെ മൗനം പാലിക്കുന്നത് നല്ല പ്രവണതയല്ലെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. ഇത് ശാസ്ത്രജ്ഞരോടുള്ള ആദരം കുറക്കാൻ ഇടയാക്കും. ശാസ്ത്ര മേഖലയിൽ ഫണ്ട് പരിമിതമാണെന്നുള്ള കാര്യം വ്യക്തമാണ്. അക്കാദമികൾക്കു ഇക്കാര്യത്തിൽ കൂടുതലൊന്നും ചെയ്യാനില്ല. ഈ സാഹചര്യത്തിൽ ശാസ്ത്രജ്ഞന്മാർ ഒരുമിച്ചു പ്രശ്നങ്ങൾ തുറന്നു പറയണം എന്നും യോഗം പറഞ്ഞു.
“ശാസ്ത്രജ്ഞരുടെ ഗവേഷണങ്ങളും അവ കൊണ്ട് സമൂഹത്തിനുണ്ടാകുന്ന നേട്ടങ്ങളും പൊതുജന മധ്യത്തിൽ അവതരിപ്പിക്കാൻ ശാസ്തജ്ഞർക്കു ബാധ്യതയുണ്ടെന്ന് എസ്.ശിവറാം പറഞ്ഞു. ശാസ്ത്രജ്ഞർക്ക് പൊതു മേഖലയിൽ നിന്നും ലഭിക്കുന്ന ഫണ്ട് സഹായ ധനമല്ല മറിച്ച് ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ചുകാണിക്കേണ്ടതിലേക്കുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുവ ശാസ്ത്രജ്ഞരെ മുഖ്യ ശാസ്ത്ര ധാരയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതിന്റെ ആവശ്യകതയും സമ്മേളനം എടുത്തു പറഞ്ഞു.
ഇന്ത്യയിലെ ശാസ്ത്ര അക്കാദമികൾ കൂടുതൽ കൃത്യതയോടെ പ്രവർത്തിക്കണമെന്ന് ഇൻസ പ്രസിഡന്റ് അജയ് സൂദ് ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ടുള്ള ഒരു കർമ്മ പദ്ധതി രൂപീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.