ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജമ്മു കശ്മീർ സന്ദർശിക്കും. ജമ്മു കശ്മീരിലെ വ്യാവസായിക, അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്നതിനു പുറമേ പള്ളി ഗ്രാമം സന്ദർശിക്കുന്നത് വലിയ രാഷ്ട്രീയ സന്ദേശം കൂടി നൽകുമെന്ന് വിലയിരുത്തപ്പെടുന്നു.
പള്ളി ഗ്രാമത്തിൽ നടക്കുന്ന ചടങ്ങിൽ മോദിക്ക് പുറമെ യുഎഇയിൽ നിന്നുള്ള വ്യവസായ പ്രമുഖരും പങ്കെടുക്കും.
2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം പ്രധാനമന്ത്രി മോദി കേന്ദ്ര ഭരണ പ്രദേശത്ത് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.
പാകിസ്ഥാനുമായി അന്താരാഷ്ട്ര അതിർത്തിയുള്ള സാംബ ജില്ലയിലെ പള്ളിയിൽ, പഞ്ചായത്ത് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ജമ്മു കശ്മീർ ജനങ്ങളെയും രാജ്യത്തെ ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെയും അഭിസംബോധന ചെയ്യും. 38,082 കോടി രൂപയുടെ വ്യവസായ വികസന പദ്ധതികളുടെ തറക്കല്ലിടലും ചടങ്ങിൽ നടക്കും.
കഴിഞ്ഞ 75 വർഷത്തിനിടയിൽ ഈ മേഖലയിലേക്ക് വരുന്ന ഏറ്റവും വലിയ സ്വകാര്യ നിക്ഷേപമായി 38,082 കോടി രൂപയുടെ സ്വകാര്യമേഖല നിക്ഷേപ നിർദ്ദേശങ്ങൾ കണക്കാക്കപ്പെടുന്നു.
നിർദ്ദിഷ്ട സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങളിൽ, 3,000 കോടിയിലധികം രൂപ യു.എ.ഇ.യിൽ നിന്ന് ആദ്യമായി ജമ്മു കശ്മീരിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി നിക്ഷേപിക്കും.
ഡിപി വേൾഡിന്റെ ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായം, എമാർ പ്രോപ്പർട്ടീസ് സ്ഥാപകനും എംഡിയുമായ മുഹമ്മദ് അലി അലബ്ബാർ, ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ യൂസഫ് അലി എംഎ തുടങ്ങി പ്രമുഖ വ്യവസായങ്ങളുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും പ്രതിനിധികൾ പള്ളി പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നുണ്ടെന്ന് ജമ്മു കശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി, രഞ്ജൻ പ്രകാശ് താക്കൂർ പറഞ്ഞു.
യുഎഇയിലെ പ്രമുഖ ബഹുരാഷ്ട്ര കമ്പനികളായ ഡിപി വേൾഡ്, എമാർ പ്രോപ്പർട്ടീസ്, ലുലു ഗ്രൂപ്പ്, റോയൽ സ്ട്രാറ്റജിക് പാർട്ണേഴ്സ്, വിസ് ഫിനാൻഷ്യൽ എന്നിവ ഇൻഫ്രാസ്ട്രക്ചർ, ഐടി, ഹോസ്പിറ്റാലിറ്റി, ഫുഡ് പ്രോസസിംഗ് എന്നിവയിൽ ഏകദേശം 3,000 കോടി രൂപയുടെ നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ട്. അബുദാബിയിൽ നിന്നും ദുബായിൽ നിന്നുമുള്ള നിരവധി പ്രമുഖ സ്വകാര്യ നിക്ഷേപകർ ഏപ്രിൽ 24 ന് രാവിലെ ശ്രീനഗർ വഴി ജമ്മുവിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു, “ഖത്തറിൽ നിന്നുള്ള നിക്ഷേപവും ജമ്മു കശ്മീരിൽ വരുമെന്ന്” അദ്ദേഹം പറഞ്ഞു.