കര്‍ണാടക: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ 1000 മുതല്‍ 2000 രൂപ വരെ നല്‍കിയതായി വിവരം. കൂടാതെ മദ്യവും വ്യാപകമായി ഒഴുക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2000 രൂപ മാത്രം പ്രതിമാസ വരുമാനം ഉളള വീട്ടമ്മമാര്‍ക്ക് ആയിരവും രണ്ടായിരവും നല്‍കി വോട്ട് വിലയ്ക്ക് വാങ്ങിയെന്നാണ് ആരോപണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 500 രൂപയാണ് കിട്ടിയതെന്നും ഈ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും 1000 രൂപ വീതം നല്‍കിയതായും നാഗവല്ലി എന്ന വീട്ടമ്മയുടെ വാക്കുകളെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്ഥാനാര്‍ത്ഥിത്വം വിലയിരുത്തിയാണ് എത്ര രൂപ നല്‍കണമെന്ന് കണക്കാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചില സമുദായങ്ങളേയും പ്രദേശങ്ങളിലേയും രാഷ്ട്രീയം മനസിലാക്കി പണവും മദ്യവും നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി മൽസരിക്കുന്ന ബിടിഎം പ്രദേശത്ത് 2000 രൂപയാണ് ഇരു പാര്‍ട്ടികളും വോട്ടര്‍മാര്‍ക്ക് നല്‍കിയത്. യുവാക്കളെയാണ് കൂടാതലായും രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാധീനിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ബിജെപി സ്ഥാനാര്‍ത്ഥി ബി.ശ്രീരാമലുവും പോരാടിയ ബദാമിയില്‍ മദ്യവും പണവും ദിവസങ്ങളായി ഒഴുകുന്നതായി ഒരു ടാക്സി ഡ്രൈവര്‍ ടോയിയോട് പ്രതികരിച്ചു. 700 രൂപയാണ് ആദ്യം വാഗ്‌ദാനം ചെയ്തതെന്നും എന്നാല്‍ വോട്ടര്‍മാര്‍ വിലപേശി ഇത് 2000 രൂപയാക്കിയതായും അദ്ദേഹം വ്യക്കമാക്കി.

കര്‍ണാടകയില്‍ തൂക്കുമന്ത്രി സഭയക്ക് സാധ്യതയെന്നാണ് എക്‌സിറ്റ് പോള്‍ സർവ്വേകള്‍. ജെഡിഎസിന്‍റെ സീറ്റുകളും തീരുമാനവും മന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണായകമാകുമെന്നും സർവ്വേ പറയുന്നു. 70 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ബദാമിയിലെ ബൂത്ത് നമ്പര്‍ 142,143,145 ലുമാണ് കുറവ് വോട്ടിങ്‌ രേഖപ്പെടുത്തിയത്. ഗ്രാമീണ മേഖലയായ പ്രദേശത്തു നിന്നും ആളുകള്‍ തൊഴില്‍ തേടി മറ്റ് സംസ്ഥാനത്തേക്ക് പോയതിനാലാണ് ശതമാനം കുറഞ്ഞതെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീരാമുലുവിനെതിരെ ബദാമിയില്‍ നിന്നുമാണ് മല്‍സരിക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപ് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് എന്ന നിലയിൽ ഏറെ ദേശീയ പ്രാധാന്യമുളളതാണ് കർണാടക നിയമസഭ തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ഏറ്റുമുട്ടിയ പ്രചാരണ പോരാട്ടത്തിന്റെ ഫലമാണ് ഇന്നത്തെ വോട്ടെടുപ്പിൽ ഒളിഞ്ഞിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook