ന്യൂഡൽഹി: പൊലീസ് തങ്ങളെ മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന മുൻനിര ഗുസ്തി താരങ്ങൾ ആരോപിച്ചതിനുപിന്നാലെ ബിജെപിയെയും കേന്ദ്രമന്ത്രി അമിത് ഷായെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ. സമര സ്ഥലത്തേക്ക് ഗുസ്തി താരങ്ങൾ കിടക്ക കൊണ്ടുവരാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. മദ്യപിച്ചെത്തിയ പൊലീസുകാരൻ തന്റെ സഹോദരനെ മർദിച്ചതായി വിനേഷ് ഫോഗട്ട് ആരോപിച്ചു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ തന്നെയും സംഗീത ഫോഗട്ടിനെയും തള്ളിയിട്ടുവെന്ന് അവർ പറഞ്ഞു.
ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി എത്തിയ കോൺഗ്രസ് രാജ്യസഭാ എംപി ദീപേന്ദർ സിങ് ഹൂഡയെയും ഡൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) മേധാവി സ്വാതി മലിവാളിനെയും അർധരാത്രിയോടെ പ്രതിഷേധ സ്ഥലത്ത് നിന്ന് നീക്കി. ”കായിക താരങ്ങളായ പെൺമക്കളുടെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കാൻ ജന്തർമന്തറിൽ എത്തിയപ്പോൾ ഡൽഹി പൊലീസ് എന്നെ കസ്റ്റഡിയിലെടുത്തു. പിന്നീട് വസന്ത് വിഹാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി,” ഹൂഡ ട്വീറ്റ് ചെയ്തു. ഹൂഡയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതിന്റെ വീഡിയോ ദൃശ്യം കോൺഗ്രസ് അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.
രാജ്യത്തെ പെൺമക്കൾക്കൊപ്പം കോൺഗ്രസ് ഉറച്ചുനിൽക്കുന്നു. ഞങ്ങൾ അവർക്കൊപ്പമാണെന്ന സന്ദേശം വ്യക്തമാണെന്ന് കോൺഗ്രസ് ട്വീറ്റിൽ പറഞ്ഞു. ”നമ്മുടെ നാടിന്റെ അഭിമാനം കാത്തുസൂക്ഷിച്ച പുത്രിമാരാണിവർ. നിരവധി മെഡലുകൾ കൊണ്ടുവന്നു. ഇന്ന് കേന്ദ്രമന്ത്രി അമിത് ഷായുടെ പൊലീസ് അവരോട് മോശമായി പെരുമാറി. ചൂഷണത്തിനെതിരെ ശബ്ദം ഉയർത്തി എന്നതാണ് അവർ ചെയ്ത ഒരേയൊരു കുറ്റം. നരേന്ദ്ര മോദി, നിങ്ങൾ എന്തിനാണ് ഇത്രയും അനീതി കാണിക്കുന്നത്?.” സാക്ഷി മാലിക്ക് കരയുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് കോൺഗ്രസ് ചോദിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ബിജെപിക്കെതിരെ ആഞ്ഞടിച്ചു. ‘ബേഠി ബചാവോ’ വെറുമൊരു കാപട്യമാണെന്ന് കേന്ദ്രസർക്കാരിന്റെ ‘ബേഠി ബചാവോ, ബേഠി പഠാവോ’ പദ്ധതിയെ ചൂണ്ടിക്കാട്ടി രാഹുൽ വിമർശിച്ചു. വാസ്തവത്തിൽ, ഇന്ത്യയുടെ പെൺമക്കളെ ഉപദ്രവിക്കുന്നതിൽ നിന്ന് ബിജെപി ഒരിക്കലും പിന്മാറിയിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളും ബിജെപിക്കെതിരെ ആഞ്ഞടിച്ചു. രാജ്യത്തെ ചാമ്പ്യന്മാരട് ഇത്തരമൊരു മോശം പെരുമാറ്റം? ഇത് വളരെ സങ്കടകരവും ലജ്ജാകരവുമാണെന്ന് കേജ്‌രിവാൾ ട്വീറ്റ് ചെയ്തു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനർജി ഗുസ്തിക്കാർക്ക് പിന്തുണയുമായി രംഗത്തെത്തി. സംഭവം തികച്ചും ലജ്ജാകരമാണെന്ന് അവർ പറഞ്ഞു.
“നിങ്ങളുടെ 830 കോടി വില മതിക്കുന്ന മൻ കി ബാതിന്റെ 100 എപ്പിസോഡുകൾ ഞങ്ങൾ ശ്രദ്ധിച്ചു. ഞങ്ങളുടെ ചാമ്പ്യന്മാരായ അത്‌ലറ്റുകളുടെ മൻ കി ബാത്ത് ദയവായി കേൾക്കൂ,” ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവും തെലങ്കാന മന്ത്രിയുമായ വൈ.സതീഷ് റെഡ്ഡി ഇന്നലെ രാത്രി പ്രതിഷേധ സ്ഥലത്ത് നിന്നുള്ള ഒരു വീഡിയോ പങ്കിട്ടുകൊണ്ട് പറഞ്ഞു.