മുംബൈ: മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫട്‌നാവിസിന്റെ കാവല്‍മന്ത്രിസഭയുടെ കാലാവധി അവസാനിക്കാനിരിക്കെ ഭരണപ്രതിസന്ധി തുടരുന്നു. ബിജെപി-ശിവസേന അഭിപ്രായ ഭിന്നത തുടരുന്നതാണ് സര്‍ക്കാര്‍ രൂപീകരണത്തിനു തിരിച്ചടിയായിരിക്കുന്നത്.

ശിവസേന തങ്ങളുടെ എംഎല്‍എമാരെ മാദ് ഐലന്‍ഡിലുള്ള റിട്രീറ്റ് ഹോട്ടലിലേക്ക് മാറ്റി. നേരത്തെ ഇവരെ പാര്‍പ്പിച്ചിരുന്നത് രംഗ് ശാര്‍ദ ഹോട്ടലിലായിരുന്നു. ഇവിടെ സൗകര്യങ്ങള്‍ കുറവാണെന്ന് എംഎല്‍എമാര്‍ പരാതിപ്പെട്ടു. ഇതോടെയാണ് ഹോട്ടല്‍ മാറ്റിയത്. രംഗ് ശാര്‍ദ ഹോട്ടലില്‍ 30 മുറികള്‍ മാത്രമാണ് തങ്ങള്‍ക്ക് കിട്ടിയതെന്നും ഒരു മുറിയില്‍ രണ്ടുപേര്‍ കഴിയേണ്ട അവസ്ഥയായിരുന്നെന്നും എംഎല്‍എമാര്‍ പരാതിപ്പെട്ടു.

Read Also: സീരിയസ് പ്രണയം തുടങ്ങിയത് 18-ാം വയസില്‍; ഇഡ്ഡലിയില്ലാതെ ജീവിക്കാന്‍ പറ്റില്ല: ശശി തരൂര്‍

അതേസമയം, ബിജെപിയും കോണ്‍ഗ്രസും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. കോണ്‍ഗ്രസ് കുതിരക്കച്ചവടത്തിനു ശ്രമിക്കുന്നതായി ബിജെപി ആരോപിച്ചു. എന്നാല്‍, ബിജെപിയാണ് കുതിരക്കച്ചവടം നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ബിജെപിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തെളിവുകള്‍ സഹിതമായിരിക്കണം ആരോപണങ്ങള്‍ പുറത്തുവിടേണ്ടതെന്ന് ബിജെപി നേതൃത്വം പറഞ്ഞു.

രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതകള്‍ ഉണ്ടെന്നാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറയുന്നത്. എന്നാല്‍, വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമില്ലെന്നും പവാര്‍ വ്യക്തമാക്കി. ബിജെപി-ശിവസേന സഖ്യത്തിനു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. പ്രതിസന്ധിയുണ്ടെങ്കില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരണത്തിനായി സര്‍ക്കാര്‍ ക്ഷണിക്കുകയാണ് വേണ്ടത്. എന്തുകൊണ്ടാണ് ഗവര്‍ണര്‍ അതു ചെയ്യാത്തതെന്നും ശരദ് പവാര്‍ ചോദിച്ചു.

Read Also: ബിജെപി എന്നെ കാവിപൂശാൻ ശ്രമിക്കുന്നു; വലയിൽ വീഴില്ല: രജനീകാന്ത്

രണ്ടര വര്‍ഷം മുഖ്യമന്ത്രി പദം ശിവസേനയ്‌ക്ക് നൽകുമെങ്കിൽ സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ടു പോകാമെന്നാണ് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി നല്‍കിയ വാക്കു പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ബിജെപിയുമായുള്ള സഖ്യം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തു ബിജെപി നല്‍കിയ വാക്കു പാലിക്കണം. അധികാരം തുല്യമായി പങ്കുവയ്ക്കണം. ഇതിനായി ചര്‍ച്ചകള്‍ നടത്താനും തയ്യാറാണ്. രണ്ടര വര്‍ഷത്തേക്ക് ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം നല്‍കാന്‍ തയ്യാറാണെങ്കില്‍ ബിജെപിക്ക് എന്നെ വിളിക്കാം. അല്ലെങ്കില്‍ വേണ്ട” താക്കറെ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook