ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. 21 കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവച്ചതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ വീഴാതിരിക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുകയാണ്. എന്നാല്‍, സംസ്ഥാനത്തെ സാഹചര്യങ്ങള്‍ മനസിലാക്കി രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.
രാജിവച്ച എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതിന് വേണ്ടിയാണ് 21 കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്. മന്ത്രി സ്ഥാനം ഉറപ്പ് നല്കി വിമതരെ ഒപ്പം നിര്‍ത്തുകയാണ് സഖ്യ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാഷ്ട്രീയ പ്രതിസന്ധിയില്ലെന്നും എല്ലാ പ്രശ്നങ്ങളും ഒത്തുതീരുമെന്നുമാണ് മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമി പറയുന്നത്. സഖ്യ സര്‍ക്കാര്‍ തുടരുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. സ്വതന്ത്ര എംഎൽഎയായ നാഗേഷ് ബിജെപിക്ക് പിന്തുണ അറിയിച്ച് ഗവർണർക്ക് കത്ത് നൽകിയിരുന്നു. നാഗേഷിന് കഴിഞ്ഞ മാസമാണ് മന്ത്രിസ്ഥാനം നൽകിയത്.
#Karnataka CM & JD(S) leader HD Kumaraswamy: The issue will be resolved, don’t worry. This govt will run smoothly. pic.twitter.com/2k5wul7qwL
— ANI (@ANI) July 8, 2019
കര്‍ണാടകയിലെ രാഷ്ട്രീയ ചലനങ്ങളില്‍ ബിജെപിക്ക് പങ്കില്ലെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞത്. എന്നാല്‍, നിയമസഭയില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന് ബിജെപി അവകാശപ്പെടുന്നുണ്ട്.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വര വ്യക്തമാക്കി. ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്തായാലും അനുസരിക്കുമെന്നും പരമേശ്വര അറിയിച്ചു. എംഎംഎല്‍മാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ജി.പരമേശ്വര വ്യക്തമാക്കി.
അതേസമയം, സര്‍ക്കാര്‍ താഴെ വീഴാതിരിക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. രാജിവച്ച എംഎല്‍എ രാമലിംഗ റെഡ്ഡിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. രാജി തീരുമാനം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജിവച്ച മുഴുവൻ എംഎൽഎമാർക്കും കോൺഗ്രസ് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്. എന്ത് വിലകൊടുത്തും മന്ത്രിസഭ നിലനിർത്തണമെന്ന എഐസിസി നിർദേശത്തെ തുടർന്നാണ് ഈ ഒത്തുതീർപ്പ്. ഈ നിർദേശം അംഗീകരിക്കപ്പെട്ടാൽ നിലവിലുള്ള നിരവധി മന്ത്രിമാർ രാജിവയ്ക്കേണ്ടിവരും. വിമത എംഎൽഎമാർ ഇതിനോട് പ്രതികരിച്ചിട്ടില്ല.