Karnataka MLAs Resignation, Karnataka Political Crises: ബെംഗളൂരു: രാജിവച്ച 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുംബൈയിലേക്ക് പുറപ്പെട്ടു. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നുമുള്ള എംഎല്‍എമാരാണ് മുംബൈയിലേക്ക് പോയിരിക്കുന്നത്. കര്‍ണാടകയിലെ ഭരണ പ്രതിസന്ധി തുടരുകയാണ്. രണ്ട് എംഎല്‍എമാര്‍ കൂടി രാജിവയ്ക്കാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ വീഴാതിരിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസും ജെഡിഎസും നടത്തുന്നത്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്ന് ബിജെപി വാദിക്കുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ രാജിവച്ച സാഹചര്യത്തിലാണ് കര്‍ണാടക രാഷ്ട്രീയത്തില്‍ അനിശ്ചിതത്വം രൂപപ്പെട്ടത്.
Read Also: ഫ്‌ളാഗ് കയ്യില്‍ തന്നതാണ്, ബിജെപിയില്‍ ചേര്‍ന്നിട്ടില്ല: അഞ്ജു ബോബി ജോര്‍ജ്
കൂടുതല്‍ എംഎല്‍എമാര്‍ രാജി വയ്ക്കുമെന്നും സഭയില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം ഉണ്ടാകുമെന്നും ബിജെപി അവകാശപ്പെടുന്നു. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ ബി.എസ്.യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന് മുതിര്‍ന്ന ബിജെപി നേതാവായ സദാനന്ദ ഗൗഡ അവകാശപ്പെടുന്നത് ബിജെപിയുടെ പ്രതീക്ഷയാണ് കാണിക്കുന്നത്. എന്നാല്‍, എല്ലാ കാര്യങ്ങളും സസൂക്ഷം വീക്ഷിച്ച് കാത്തിരിക്കാമെന്നാണ് യെഡിയൂരപ്പയുടെ നിലപാട്. കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ രാജിക്ക് കാരണം ബിജെപിയല്ലെന്നും യെഡിയൂരപ്പ പറയുന്നു. ഭരണഘടനാ ചട്ടങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണര്‍ വിളിച്ചാല്‍ ബിജെപിക്ക് അത് സാധിക്കുമെന്ന് സദാനന്ദ ഗൗഡ പറഞ്ഞു.
എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് ഇന്ന് വിധാന്‍ സൗധയിലെത്തി രാജിക്കത്ത് നല്‍കിയത്. താന്‍ വീട്ടിലേക്ക് പോയതിനാല്‍ വിധാന്‍ സൗധയിലെത്തിയ എംഎല്‍എമാരുടെ രാജിക്കത്ത് സ്വീകരിക്കാന്‍ സ്പീക്കറുടെ ഓഫീസിന് നിര്‍ദേശം നല്‍കിയതായി സ്പീക്കര്‍ രമേഷ് കുമാര്‍ പറഞ്ഞു. നാളെ അവധിയായതിനാല്‍ അടുത്ത പ്രവൃത്തിദിനമായ തിങ്കളാഴ്ച രാജിക്കത്തില്‍ അന്തിമ തീരുമാനം അറിയിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു.
വിധാന്‍ സൗധയിലെത്തി രാജിക്കത്ത് നല്‍കിയ എംഎല്‍എമാര്‍ പിന്നീട് രാജ്ഭവനിലെത്തി ഗവര്‍ണര്‍ വാജുഭായ് വാലയുമായി കൂടിക്കാഴ്ച നടത്തി. എംഎല്‍എമാരുടെ രാജിയെ തുടര്‍ന്ന് കോണ്‍ഗ്രസ്-ജെഡിഎസ് ക്യാമ്പുകള്‍ ഞെട്ടിയിരിക്കുകയാണ്. ഭരണം നഷ്ടമാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.