കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥിയോട് രാജ്യം വിടണമെന്ന് കേന്ദ്ര സർക്കാർ. പോളണ്ട് വിദ്യാർഥിയോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം നോട്ടീസ് നൽകി.

ജാദവ്‌പൂർ സർവകലാശാലയിൽ കംപാരറ്റീവ് ഇംഗ്ലീഷ് പഠിക്കുന്ന പോളണ്ട് വിദ്യാർഥി കമിൽ സിഡ്‌സിൻകിയോടാണ് വിദേശകാര്യ മന്ത്രാലയം രാജ്യം വിടാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇതേ കുറിച്ച് കമിൽ പ്രതികരിച്ചിട്ടില്ല.രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് കമീലിനു നോട്ടീസ് ലഭിച്ചതായി സഹപാഠികൾ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലികളിൽ പങ്കെടുത്ത വിദ്യാർഥിയാണിത്. 15 ദിവസത്തിനകം രാജ്യം വിടണമെന്നാണ് പോളണ്ട് വിദ്യാർഥിക്ക് ലഭിച്ച നോട്ടീസിൽ പറയുന്നത്. കഴിഞ്ഞ ദിവസമാണ് വിദ്യാർഥിക്ക് നോട്ടീസ് ലഭിച്ചത്. കമിലിനെ പോലൊരു മികച്ച വിദ്യാർഥിക്ക് രാജ്യം വിടേണ്ട അവസ്ഥ വന്നത് നിർഭാഗ്യകരമാണെന്ന് കംപാരറ്റീവ് ഇംഗ്ലീഷിലെ പ്രൊഫസർ പറഞ്ഞു. ബംഗാളി ലിറ്ററേച്ചറിനു ഇതൊരു തീരാനഷ്‌ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു

.Read Also: മാഷിനേക്കാൾ ഭേദം പ്രദീപേട്ടനാ; എണ്ണിപ്പെറുക്കി ദയ, കണ്ണുതള്ളി ലാലേട്ടൻ

“പോളണ്ടിലെ ഒരു ഗ്രാമത്തിൽ നിന്നാണ് കമിൽ വരുന്നത്. വളരെ നന്നായി പഠിക്കുന്ന വിദ്യാർഥി. ബംഗാളി ലിറ്ററേച്ചർ പഠിക്കാനുള്ള താൽപര്യം കൊണ്ട് വിശ്വഭാരതി സർവകലാശാലയിൽ ചേർന്നു. പിന്നീടാണ് കംപാരിറ്റീവ് ഇംഗ്ലീഷ് പഠിക്കാൻ ജാദവ്‌പൂർ സർവകലാശാലയിലെത്തുന്നത്. പോളിഷ് കവിതകൾ ബംഗാളി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. അതെല്ലാം യൂണിവേഴ്‌സിറ്റി പ്രസിൽ പബ്ലിഷ് ചെയ്‌തവയാണ്.” കമീലിന്റെ സുഹൃത്ത് പറഞ്ഞു.

കേന്ദ്ര ഗവൺമെന്റിനെതിരെയുള്ള പ്രവർത്തനങ്ങളിൽ പങ്കെടുത്തെന്ന് ആരോപിച്ച് ബംഗ്ലാദേശിൽ നിന്നുള്ള ഒരു വിദ്യാർഥിക്ക് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് നൽകിയതിനു തൊട്ടു പിന്നാലെയാണ് പുതിയ കേസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook