ചെന്നൈ: തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് വിരുദ്ധ സമരക്കാർക്ക് നേരെ പൊലീസ് നടത്തിയ അക്രമത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. പരുക്കേറ്റ് നിലത്തു കിടക്കുന്ന യുവാവിനെ വളഞ്ഞിരിക്കുന്ന പൊലീസുകാരുടെ വീഡിയോ ആണ് പുറത്തുവന്നത്. യുവാവ് പരുക്കേറ്റ് പിടയുമ്പോള്‍ ആക്രോശിക്കുന്ന പൊലീസുകാരെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ‘അവന്‍ അഭിനയിക്കുകയാണ്, അഭിനയിക്കുന്നത് നിര്‍ത്തിക്കോ’, എന്നിങ്ങനെ പൊലീസുകാര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
ന്യൂസ് മിനുട്ട്സിലെ മാധ്യമപ്രവര്‍ത്തകയായ അന്ന ഐസക് ആണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. അണ്ണാനഗറില്‍ പൊലീസുകാര്‍ വളഞ്ഞിരിക്കുന്നത് പിന്നീട് ഇന്ന് മരിച്ച കാളിയപ്പനെ (24) ആണെന്ന് ന്യൂസ് മിനുട്സ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് വെടിവെപ്പില്‍ പരുക്കേറ്റ കാളിയപ്പനെ തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് ഇദ്ദേഹം കൂടി കൊല്ലപ്പെട്ടതോടെ സംഭവത്തിൽ പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പന്ത്രണ്ടായി.
One cop prods the man lying on the ground and says, “stop acting, leave”. #SteriliteProtest pic.twitter.com/rcp6vWcsu7
— Anna Isaac (@anna_isaac) May 23, 2018
ഇതിനിടെ സംഘർഷം വ്യാപിക്കുന്നത് തടയാനെന്ന പേരിൽ മൂന്ന് ജില്ലകളിൽ ഇന്റർനെറ്റ് നിരോധിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. അഞ്ച് ദിവസത്തേയ്ക്ക് നിയന്ത്രിക്കാനാണ് സർക്കാർ തീരുമാനം. തൂത്തുക്കുടി, കന്യാകുമാരി, തിരുനൽവേലി എന്നീ ജില്ലകളിലാണ് നിരോധനം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. ഇന്റർനെറ്റ് സേവനം നിർത്തിവെയ്ക്കാൻ ചീഫ് സെക്രട്ടറി സേവന ദാതാക്കളോട് ആവശ്യപ്പെട്ടതായും റിപ്പോർട്ട്. കഴിഞ്ഞ ദിവസം നടന്ന പൊലീസ് വെടിവെയ്പിൽ പതിനൊന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇന്നത്തെ പൊലീസ് വെടിവെയ്പോടെ മരണം പന്ത്രണ്ടായി ഉയർന്നു.
കഴിഞ്ഞ ദിവസം നടന്ന വെടിവെയ്പിൽ പൊലീസ് പ്രതിഷേധക്കാരെ തിരഞ്ഞു പിടിച്ചു വെടിവെയ്ക്കുകയായിരുന്നുവെന്ന് പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. വെടിവെയ്പിൽകൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ തയ്യാറല്ലെന്ന് ബന്ധുക്കളും നാട്ടുകാരും വ്യക്തമാക്കി. വെടിവെയ്പ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസ് എടുക്കണമെന്ന് ആവശ്യം ഉയർന്നു കഴിഞ്ഞു. മലിനീകരണം നടത്തുന്ന വേദാന്തയുടെ കമ്പനി അടച്ചുപൂട്ടണമെന്നും നാട്ടുകാർ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു.
പ്ലാന്റിന്റെ വിപുലീകരണം സ്റ്റേ ചെയ്ത് കൊണ്ട് കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്ലാന്റിന്റെ രണ്ടാം യൂണിറ്റിന്റെ വിപുലീകരണമാണ് ഹൈക്കോടതി തടഞ്ഞത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ് വിധി.. പ്ലാന്റുകളിൽ നിന്ന് കനത്ത മലീകരണവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. പരിസ്ഥിതി സംരക്ഷണ, മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാതെയാണു പ്ലാന്റുകളെന്നും നാട്ടുകാർ ആരോപിച്ചിരുന്നു.
ബിഹാർ സ്വദേശി അനിൽ അഗർവാളിന്റെ ഉടമസ്ഥതയിൽ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേദാന്ത റിസോഴ്സസ് എന്ന ലോഹ ഖനന കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണു സ്റ്റെർലൈറ്റ് കോപ്പർ ഇൻഡസ്ട്രീസ് (ഇന്ത്യ).