ഡൽഹി: മാധ്യമ സ്ഥാപനമായ ‘ദി വയറി’ന്റെ ഓഫിസിൽ പൊലീസ് പരിശോധന. ‘ദി വയറി’ന്റെ ഡൽഹിയിലെ ഗോൾ മാർക്കറ്റിലുള്ള ഓഫിസിലാണ് പൊലീസ് എത്തി പരിശോധന നടത്തിയത്. ആഗസ്റ്റ് 15നു മുൻപുള്ള പതിവ് പരിശോധനയാണെന്നാണ് ജില്ലാ പൊലീസ് കമ്മീഷണർ പരിശോധനക്ക് ശേഷം നൽകിയ വിശദീകരണം.
പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്നത് കേന്ദ്രീകരിച്ചുള്ള ആഗോള അന്വേഷണാത്മക പ്രോജക്ടില്‍ ഫ്രഞ്ച് ഫോര്‍ബിഡന്‍ സ്റ്റോറീസുമായും മനുഷ്യാവകാശ ഗ്രൂപ്പായ ആംനസ്റ്റി ഇന്റർനാഷണലുമായി പങ്കാളികളായിട്ടുള്ള 16 ആഗോള മാധ്യമ സ്ഥാപനങ്ങളിൽ ഒന്നാണ് ‘ദി വയര്‍’.
‘ദി വയറി’ന്റെ ചീഫ് എഡിറ്ററായ സിദ്ധാർത്ഥ് വരദരാജൻ ട്വിറ്ററിലൂടെ ഓഫിസിൽ പരിശോധന നടന്ന കാര്യം അറിയിച്ചിരുന്നു. “ദി വയർ ഓഫീസിലെ മറ്റൊരു ദിവസം മാത്രമല്ല… പെഗാസസ് പ്രോജക്റ്റിന് ശേഷം, പൊലീസുകാരൻ കൃത്യമായി അന്വേഷണത്തിനായി ഇന്ന് എത്തി. ‘ആരാണ് വിനോദ് ദുവാ?’ ‘ആരാണ് സ്വര ഭാസ്‌കർ?’ ‘നിങ്ങളുടെ വാടക കരാർ എനിക്ക് കാണാനാകുമോ?’ ‘എനിക്ക് അർഫയോട് സംസാരിക്കാൻ കഴിയുമോ?’ അദ്ദേഹം എന്തിനാണ് വന്നതെന്ന് ചോദിച്ചു: “ഓഗസ്റ്റ് 15 നുള്ള പതിവ് പരിശോധന.. വിചിത്രം” പൊലീസ് ഓഫിസിൽ എത്തിയ വിവരം പങ്കുവച്ച് വരദരാജൻ ട്വിറ്ററിൽ കുറിച്ചു.
“ആഗസ്റ്റ് 15നോട് അനുബന്ധിച്ചു ജില്ലാ മുഴുവൻ പതിവ് പരിശോധന നടക്കുന്നുണ്ട്” എന്നാണ് ബന്ധപ്പെട്ടപ്പോൾ ഡിസിപി ദീപക് യാദവ് നൽകിയ വിശദീകരണം.
വാദരാജന്റെ ട്വീറ്റിന് ഡിസിപി മറുപടി നൽകുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി നടക്കുന്ന സുരക്ഷാ പരിശോധനയുടെ ഭാഗമായി ഡൽഹിയിൽ ഉടനീളം പരിശോധന നടത്തിയപ്പോൾ മുന്നിൽ സൈൻ ബോർഡ് ഇല്ലാതെ കണ്ട ഓഫീസ് ലോക്കൽ പൊലീസ് ഉദ്യോഗസ്ഥൻ പരിശോധിക്കുകയായിരുന്നു എന്നാണ് മറുപടി നൽകിയത്.
Also read: ജനസംഖ്യാ നിയന്ത്രണത്തിന് ബില്ലുകൾ നാല്; എംപിമാരുടെ കുട്ടികളുടെ എണ്ണം ഇങ്ങനെ
ഇന്നലെ നികുതി വെട്ടിപ്പ് ആരോപിച്ച് മാധ്യമ ഗ്രൂപ്പായ ദൈനിക് ഭാസ്‌കറിന്റെ നിരവധി ഇടങ്ങില്‍ ആദായ നികുതിന്റെ റെയ്ഡ് നടത്തിയിരുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ നഗരങ്ങളിലാണു റെയ്ഡ് നടന്നത്.
തങ്ങളുടെ എഡിറ്റർ ഇൻ ചീഫ് ബ്രജേഷ് മിശ്രയുടെയും സംസ്ഥാന മേധാവി വീരേന്ദ്ര സിങിന്റെയും ചില ജീവനക്കാരുടെയും വീടുകളിലും ചാനൽ ഓഫീസിലും പരിശോധന നടക്കുന്നതായി നടക്കുന്നതായി വാർത്താ ചാനലായ ഭാരത് സമാചർ ടിവി ട്വിറ്ററിൽ കുറിക്കുകയും ചെയ്തിരുന്നു.
കോവിഡ് -19 മഹാമാരിയുടെ രണ്ടാം തരംഗത്തിലുണ്ടായ മരണങ്ങളെക്കുറിച്ചും മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ വലിച്ചെറിയുന്നതിനെക്കുറിച്ചും ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പ് നിരവധി വാര്‍ത്തകള്‍ നല്‍കിയിരുന്നു.