ലഖ്നൗ: ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗത്തിനു സുരക്ഷയൊരുക്കി മടങ്ങിയ പോലീസുകാരനെ ആൾക്കൂട്ടം കല്ലെറിഞ്ഞു കൊന്നു. ഉത്തർപ്രദേശിലെ ഗാസിപുരിൽ വച്ചാണ് നാൻഹര പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ സുരേഷ് വാട്സെന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയുമായി ബന്ധപ്പെട്ട ഡ്യൂട്ടി കഴിഞ്ഞ് തിരികെ മടങ്ങുകയായിരുന്നു സുരേഷ്. ഗാസിപുരിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഈ സമയത്താണ് ഹൈന്ദവ സമുദായമായ നിശാദ് വിഭാഗം സംവരണ ആവശ്യവുമായി ബന്ധപ്പെട്ട് ദേശീയ പാത ഉപരോധിച്ചത്. ഇതുവഴിയെത്തിയ പൊലീസ് സംഘവും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടി.
സമരക്കാരെ ദേശീയ പാതയിൽ നിന്ന് മാറ്റാൻ പൊലീസ് ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. പിന്നീട് ആൾക്കൂട്ടം സംഘം ചേർന്ന് കല്ലെറിഞ്ഞു. ബുലന്ദ്ഷെഹറിന് പിന്നാലെ ഒരു മാസത്തിനിടെ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ പൊലീസുകാരനാണ് ഇദ്ദേഹം. ഇൻസ്പെക്ടർ സുബോധ്കുമാറാണ് ബുലന്ദ്ഷെഹറിൽ കൊല്ലപ്പെട്ടത്. പശുക്കളെ കൊലപ്പെടുത്തിയെന്നാരോപിച്ച് സംഘടിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ ആൾക്കൂട്ടമാണ് പിന്നീട് പൊലീസിന് നേരെ ബുലന്ദ് ഷെഹറിൽ ആക്രമണം അഴിച്ചുവിട്ടത്.