/indian-express-malayalam/media/media_files/uploads/2022/01/Jammu-Kashmir-Police.jpg)
പ്രതീകാത്മക ചിത്രം
ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ തീവ്രവാദികളെന്നു കരുതുന്നവര്‍ നടത്തിയ വെടിവയ്പില്‍ പൊലീസുകാരന്‍ മരിച്ചു. ഹെഡ് കോണ്‍സ്റ്റബിൾ അലി മുഹമ്മദ് ഗനിയാണു വീടിനു സമീപം കൊല്ലപ്പെട്ടത്.
സമീപ ജില്ലയായ കുല്‍ഗാമില്‍ പോസ്റ്റ് ചെയ്തിരുന്ന ഗനിക്കു നേരെ ഇന്നു വൈകീട്ടാണ് ആക്രമണം നടന്നത്. ഗുരുതരമായി പരുക്കേറ്റ ഗനിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
''ബിജ്‌ബെഹാര അനന്തനാഗിലെ ഹസന്‍പോര തബാല പ്രദേശത്ത് ഇന്നു വൈകിട്ട് 5.30ന് ഹെഡ് കോണ്‍സ്റ്റബിള്‍ അലി മുഹമ്മദ് ഗനിക്കു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതായി അനന്ത്‌നാഗ് പൊലീസിന് വിവരം ലഭിച്ചു. താമസസ്ഥലത്തുവച്ച് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ മനസിലാക്കി. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു,'' പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.
ഗനിയെ വളരെ അടുത്തുനിന്ന് തീവ്രവാദികള്‍ വെടിവച്ചതെന്നും ഉടന്‍ അനന്ത്‌നാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെന്നുമാണ് പൊലീസ് വൃത്തങ്ങളില്‍നിന്നുള്ള വിവരം.
ഈ വര്‍ഷം തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ആദ്യ പൊലീസുകാരനാണ് ഗനി. കശ്മീരില്‍ കഴിഞ്ഞ ഒരു വര്‍ഷമായി പൊലീസുകാര്‍ക്കെതിരായ തീവ്രവാദി ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചരിക്കുകയാണ്. തീവ്രവാദികളുടെ പ്രധാന ലക്ഷ്യമായി ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മാറുകയാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞവര്‍ഷം ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ട 42 സുരക്ഷാ ഉദ്യോഗസ്ഥരില്‍ 21 പേരും ജമ്മു കശ്മീര്‍ പൊലീസില്‍നിന്നുള്ളവരാണ്. കശ്മീര്‍ താഴ്വരയില്‍ 2021ല്‍ കൊല്ലപ്പെട്ട 29 സുരക്ഷാ ഉദ്യോഗസ്ഥരില്‍ 20 പേരും ജമ്മു കശ്മീര്‍ പൊലീസുകാരാണ്.
സംഭവത്തിനു പിന്നാലെ പൊലീസ്, അര്‍ധസൈനിക വിഭാഗങ്ങള്‍, കരസേന എന്നിവയുടെ സംയുക്ത സംഘം സംഭവസ്ഥലത്ത് കുതിച്ചെത്തുകയും തീവ്രവാദികളെ കണ്ടെത്താന്‍ വന്‍ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.