ലക്‌നൗ: പൊലീസ് ചെക്ക്പോസ്റ്റിനുളളിൽ വച്ച് ആറു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സബ് ഇൻസ്പെക്ടർ തേജ്‌വീർ സിങ് ആണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ റാംപൂറിലാണ് സംഭവം.

ചെക്ക്പോസ്റ്റിനു സമീപത്തായി കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തേജ്‌വീർ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ കണ്ടത് തേജ്‌വീർ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതായിരുന്നു. ഉടൻതന്നെ നാട്ടുകാർ തേജ്‌വീറിനെ പിടികൂടി. സംഭവത്തിനുപിന്നാലെ നാട്ടുകാർ ചെക്ക്പോസ്റ്റിനു മുന്നിൽ പ്രതിഷേധം നടത്തി. സൂപ്രണ്ട് ഓഫ് പൊലീസ് വിപിൻ ടാഡ സംഭവസ്ഥലത്തെത്തുകയും തേജ്‌വീർ സിങ്ങിനെ അറസ്റ്റ് ചെയ്യുകയും ചെയ്തശേഷമാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.

സംഭവ സമയത്ത് തേജ്‌വീർ സിങ് മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ അന്വേഷണം നടക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ