ചെന്നൈ: കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിൽ കഴിയുന്ന എംഎൽഎ മാരെ പുറത്തിറക്കാനുള്ള തീരുമാനത്തിൽ നിന്ന് പൊലീസ പിൻവാങ്ങി. ഇന്ന് ഇവരെ പുറത്താക്കില്ലെന്നാണ് വിവരം. എംഎൽഎ മാർ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെയാണ് പൊലീസിന്റെ പിന്മാറ്റം. എംഎൽഎ മാർ പുറത്തിറങ്ങാതിരിക്കുന്നത് പനീർശെൽവം പക്ഷത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.
എംഎൽഎ മാരെ ബലം പ്രയോഗിച്ച് പുറത്തിറക്കാനുള്ള പൊലീസ് തീരുമാനത്തിന് പിന്നിൽ പനീർശെൽവം പക്ഷമാണെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ എംഎൽഎ മാരെ ബലം പ്രയോഗിച്ച് പുറത്തിറക്കാൻ ശ്രമിച്ചാൽ അത് ശത്രുതയ്‌ക്ക് കാരണമാകുമെന്നും വിലയിരുത്തലുണ്ട്. റിസോർട്ടിലുള്ള എംഎൽഎ മാരെ സ്വന്തം പക്ഷത്തെത്തിക്കാനാണ് ഇപ്പോൾ പനീർശെൽവം പക്ഷത്ത് നിന്ന് ചരടുവലികൾ നടക്കുന്നത്. എംഎൽഎ മാരെ റിസോർട്ടിൽ നിന്ന് പുറത്തിറക്കാനാണ് പനീർശെൽവവും കൂട്ടരും ഇപ്പോൾ ശ്രമിക്കുന്നത്.
റിസോർട്ടിൽ നിന്നും പോകാൻ എംഎൽഎ മാരോട് പൊലീസ് നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പാലിക്കാൻ എംഎൽഎ മാർ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് പൊലീസ് കൂടുതൽ ശക്തമായ നടപടിക്ക് ഒരുങ്ങിയത്. ഐ.ജി.യുടെ നേതൃത്വത്തിൽ വലിയ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാംപ് ചെയ്തത്. എന്നാൽ എംഎൽഎ മാർ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ നടപടിയിൽ നിന്ന് പൊലീസ് പിൻവാങ്ങുകയായിരുന്നു.
ശശികല ജയിലിലേക്ക് എന്ന് ഉറപ്പായതോടെ പനീർശെൽവം സർക്കാരിൽ കൂടുതൽ സ്വാധീനത്തോടെ ഇടപെടുന്നതാണ് തമിഴ്നാട് ഇപ്പോൾ കാണുന്നത്. ശശികലയെ കൂടുതൽ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് പനീർശെൽവത്തിനൊപ്പമുള്ള മധുര സൗത്ത് എംഎൽഎ ശരവണൻ ഡിജിപി യ്ക്ക് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പരാതിയിൽ ശശികല പക്ഷത്തിലെ രണ്ടാമനായ എടപ്പാടി പളനിസ്വാമി രണ്ടാംപ്രതിയാണ്.
നേരത്തേ റിസോർട്ടിൽ നിന്ന് കാവൽക്കാരുടെ കണ്ണുവെട്ടിച്ച് താൻ ഒളിച്ചുപുറത്തുകടക്കുകയാിരുന്നുവെന്നാണ് പറഞ്ഞത്. രാത്രി മതിൽ ചാടിയത് വേഷം മാറിയാണെന്നും പനീർശെൽവത്തിനൊപ്പമാണ് എംഎൽഎ മാർ എല്ലാവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശശികലയെയും പളനിസ്വാമിയെയും പ്രതിക്കൂട്ടിലാക്കി അദ്ദേഹം കേസ് കൊടുത്തത്. കൂവത്തൂരിലെ റിസോർട്ടിൽ നിന്ന് അന്പതോളം പേരെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ എഐഎഡിഎംകെ പ്രവർത്തകരാണെന്നാണ് കരുതപ്പെടുന്നത്.
അതേസമയം പരപ്പന അഗ്രഹാര ജയിലിലേക്ക് ശശികല യാത്ര തിരിച്ചതിന് പിന്നാലെ കനത്ത സുരക്ഷയാണ് ജയിലിന് ചുറ്റും ഏർപ്പെടുത്തിയത്. സ്ഥലത്ത് പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.