ന്യൂഡല്‍ഹി: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) തലവനുമായ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ ലാഹോറിലെ വസതിക്ക് മുന്നിലെത്തി ഇസ്ലാമാബാദ് പൊലീസ്. ലാഹോറിലെ സമാന്‍ പാര്‍ക്കിലെ ഇമ്രാന്‍ ഖാന്റെ വസതിക്ക് പുറത്ത് പൊലീസ് വാഹനങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തന്നെ ‘ജയിലിലേക്കയച്ചാലും കൊന്നാലും’ സര്‍ക്കാരിനെതിരായ പോരാട്ടം തുടരാന്‍ തന്റെ അനുയായികളോട് ആഹ്വാനം ചെയ്യുന്ന ഒരു വീഡിയോ സന്ദേശം ഇമ്രാന്‍ ഖാന്‍ പുറത്തുവിട്ടു. ഇമ്രാന്‍ ഖാന്റെ അനുയായികള്‍ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് തടിച്ചുകൂടിയിരിക്കുകയാണ്. പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് വാറണ്ടുകള്‍ നിലവിലുണ്ടെന്ന് ഇസ്ലാമാബാദ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഡിഐജി) (ഓപ്പറേഷന്‍സ്) ഷഹ്‌സാദ് ബുഖാരിയെ ഉദ്ധരിച്ച് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നാണ് ഇമ്രാന് എതിരെയുള്ള കേസ്. തോഷഖാന കേസില്‍ വിചാരണ ഒഴിവാക്കിയതിനെ തുടര്‍ന്ന് ഇസ്ലാമാബാദ് ജില്ലാ സെഷന്‍സ് കോടതി ഇന്നലെ വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഇന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്ന് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി റാണ സനാഉല്ല പറഞ്ഞു.