ബംഗളുരു: പ്രമുഖ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ഗൗരിയെ പിന്തുടരുന്ന മറ്റൊരാളുടെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹെല്‍മറ്റും ബാഗും ധരിച്ച യുവാവിന്റെ ദൃശ്യമാണ് സിസിടിവിയിലുള്ളത്. ബസവനഗുഡി മുതല്‍ ഇയാള്‍ ഗൗരി ലങ്കേഷിനെ പിന്തുടര്‍ന്നിരുന്നുവെന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. അക്രമികൾ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് പൊലീസിൻറെ ആദ്യ നിഗമനം.
ഏഴ് വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന് നേരെ അക്രമികള്‍ നിറയൊഴിച്ചത്. മൂന്ന് വെടിയുണ്ടകള്‍ ശരീരത്തില്‍ തുളച്ചുകയറി. പോയന്റ് ബ്ലാങ്കില്‍ നെറ്റിയില്‍ തറച്ചുകയറിയ വെടിയുണ്ടയാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ബംഗളുരൂവിലെ വസതിയിൽവച്ചാണ് രാത്രി എട്ട് മണിയോടെ ഗൗരി ലങ്കേഷിനെ വെടിവച്ച് കൊലപ്പെടുത്തിയത്. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായിരുന്നു. ഹിന്ദുത്വയുടെ വിമർശകയുമായിരുന്നു ഗൗരി ലങ്കേഷ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് കയറും വഴി കാത്തുനിന്ന അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
കൽബുർഗിയെ സ്വവസതിയിൽ വച്ച് രണ്ട് വർഷം മുമ്പ് കൊലപ്പെടുത്തിയത് പോലെ സമാനരീതിയിലാണ് ഗൗരിയയെ കൊലപ്പെടുത്തിയതും. കൽബുർഗിയുടെ വധത്തിനെതിരെ ഉയർന്ന പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്നു. പ്രമുഖ കന്നഡ സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായിരുന്ന പി. ലങ്കേഷിൻറെ മകളാണ്. ചലച്ചിത്ര പ്രവർത്തകയായ കവിത ലങ്കേഷ് സഹോദരിയാണ്. ഇന്ദ്രജിത്ത് ലങ്കേഷ് സഹോദരനുമാണ്.