/indian-express-malayalam/media/media_files/uploads/2017/02/currencyrs-2000-note-7591.jpg)
മലപ്പുറം: നോട്ടു നിരോധനത്തിനു ശേഷം കേരളത്തിലെ ഏറ്റവും വലിയ കുഴല്‍പ്പണ വേട്ട വീണ്ടും മലപ്പുറത്ത്. പെരിന്തല്‍മണ്ണ ബസ്റ്റാന്‍ഡില്‍ വെച്ച് 1.5 കോടി രൂപയുടെ പുത്തന്‍ രണ്ടായിരം രൂപാ നോട്ടുകളാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ ഓപറേഷനിലൂടെ പിടികൂടിയത്. രണ്ടു മാസത്തിനിടെ മൂന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇതു നാലാം തവണയാണ് പുത്തന്‍ നോട്ടുകളുടെ വന്‍ അനധികൃത ശേഖരം പിടികൂടുന്നത്.
ഇതോടെ മലപ്പുറം ജില്ലയില്‍ നിന്ന് പിടികൂടിയ ഹവാല പണം മൂന്ന് കോടി രൂപ കവിഞ്ഞു. നേരത്തെ മൂന്ന് സംഭവങ്ങളിലായി 1.64 കോടി രൂപയാണ് പിടികൂടിയതെങ്കില്‍ ഇത്തവണ ഒറ്റയടിക്കാണ് 1.50 കോടി രൂപയുമായി വേങ്ങര സ്വദേശികളായ രണ്ടു പേര്‍ പെരിന്തല്‍മണ്ണ പൊലീസ് പിടിയിലായത്. വേങ്ങര കച്ചേരിപ്പടി സ്വദേശികളായ പാലശ്ശേരി ഷറഫുദ്ദീന്‍(40), മണ്ടോട്ടില്‍ ഹാരിസ്(38) എന്നിവരെ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്ക് നഗരത്തിലെ മനഴി ബസ് സ്റ്റാന്‍ഡില്‍ നിന്ന് പിടികൂടിയത്.
ഈ പണം വിജയവാഡയില്‍ നിന്ന് ട്രെയ്ന്‍ മാര്‍ഗം കൊണ്ടുവന്നതാണെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 'സ്വര്‍ണം വിറ്റാണ് ഇത്രയും പണം സ്വരൂപിച്ചതെന്നാണ് ഇവര്‍ പൊലീസിനു നല്‍കിയ മൊഴി. ഇത് എത്രത്തോളം വിശ്വസനീയമാണെന്ന് അന്വേഷിച്ചു വരികയാണ്. കള്ളക്കടത്തിലൂടെ കൊണ്ടു വരുന്ന സ്വര്‍ണമാണ് ഇത്തരത്തില്‍ സംസ്ഥാനത്തിനു പുറത്തു വച്ച് പണമാക്കി മാറ്റുന്നതെന്നാണ് പ്രാഥമിക നിഗമനം,' മോഹനചന്ദ്രന്‍ പറഞ്ഞു.
വേങ്ങരയിലെ വിവിധ ജ്വല്ലറികള്‍ക്ക് കൈമാറാനിരുന്ന തുകയാണിതെന്നും സംശയിക്കപ്പെടുന്നു. ഇത്രയും വലിയ തുക പൂര്‍ണ്ണമായും പുതിയ 2000 രൂപാ നോട്ടുകളായി എങ്ങനെ ലഭിച്ചുവെന്നതും അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്തിനു പുറത്തുള്ള മെട്രോ നഗരങ്ങളിലെ പുതുതലമുറ ബാങ്കുകള്‍ വഴിയാണ് ഹവാല ഇടപാടുകാര്‍ ഇത് ഒപ്പിച്ചെടുക്കുന്നത് എന്നാണ് നേരത്തെ പിടിയിലായവര്‍ നല്‍കിയ മൊഴികളില്‍ നിന്നും പൊലീസ് എത്തിച്ചേര്‍ന്ന നിഗമനം. അനധികൃത സാമ്പത്തിക ഇടപാടു കേസുകളായതിനാല്‍ പൊലീസ് ഇതു വേഗം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കൈമാറുകയാണ് പതിവ്.
'പ്രത്യക്ഷത്തില്‍ അനധികൃത പണം പിടികൂടുക, പ്രതികളെ അറസ്റ്റ് ചെയ്യുക എന്നതിലുപരി ഇത്തരം കേസുകളില്‍ പൊലീസിന് കാര്യമായി ഒന്നും ചെയ്യാനില്ല. പണം ഒളിപ്പിക്കല്‍, കടത്തല്‍ എന്നിവയൊക്ക ഈ കൃത്യത്തില്‍ ഉള്‍പ്പെടുമെങ്കിലും ഇതിലെ കുറ്റം എന്നു പറയുന്നത് നികുതി വെട്ടിപ്പാണ്. കേസ് കോടതിയിലെത്തുന്നതോടെ പിടിയിലാകുന്നവര്‍ക്ക് വേഗത്തില്‍ ജാമ്യവും ലഭിക്കും,' ഒരു മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ പറയുന്നു.
രണ്ടു മാസത്തനിടെ പെരിന്തല്‍മണ്ണ, മഞ്ചേരി, തിരൂര്‍ എന്നിവിടങ്ങിളില്‍ നിന്ന് 1.64 കോടി രൂപയുടെ പുത്തന്‍ നോട്ടുകല്‍ പൊലീസ് പിടികൂടിയിരുന്നു. നോട്ടു നിരോധനം കുഴല്‍പ്പണക്കാരുടെ നീക്കങ്ങളെ പാടെ തകര്‍ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നേരെ മറിച്ചാണ് സംഭവിച്ചതെന്ന് ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us