ന്യൂഡൽഹി: ബോയ്സ് ലോക്കർ റൂം കേസ് അന്വേഷണത്തിനിടെയാണ് ഡൽഹി പൊലീസിന്റെ സൈബർ സെല്ലിന് സ്നാപ്ചാറ്റിലെ ചില സ്ക്രീൻഷോട്ടുകൾ ലഭിക്കുന്നത്. ഒരു പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനെക്കുറിച്ച് രണ്ടു പേർ തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടുകളായിരുന്നു അവ. രണ്ടു ആൺകുട്ടികൾ തമ്മിൽ നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോട്ടുകളാണ് അവയെന്നാണ് ആദ്യം കരുതിയത്. പക്ഷേ അതിലൊരാൾ പെൺകുട്ടിയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
അന്വേഷണത്തിൽ ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിൽ സ്നാപ്ചാറ്റിൽ നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടുകളാണെന്ന് തെളിഞ്ഞു. ”സ്നാപ്ചാറ്റിലെ സിദ്ധാർഥ് എന്ന വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ് പെൺകുട്ടി ചാറ്റിങ്ങ് നടത്തിയത്” ഡിസിപി (സൈബർ സെൽ) അന്യേഷ് റോയ് പറഞ്ഞു. ഈ സ്ക്രീൻഷോട്ടുകൾ ബോയ്സ് ലോക്കർ റൂം കേസുമായി ബന്ധപ്പെട്ടതല്ല. പക്ഷേ ഏതാണ്ട് ഒരേ സമയത്താണ് ഈ സ്ക്രീൻഷോട്ടുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. രണ്ടുപേരും പ്രായപൂർത്തിയാകാത്തവർ ആയതുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
”ആൺകുട്ടിയായി വ്യാജ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത പെൺകുട്ടി, തന്നെ പീഡിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു ചാറ്റ് ചെയ്തത്. ആൺകുട്ടിയുടെ പ്രതികരണം അറിയുന്നതിനും അവന്റെ സ്വഭാവം പരിശോധിക്കുന്നതിനുമാണ് ഇങ്ങനെ ചെയ്തത്. പക്ഷേ പെൺകുട്ടി പറഞ്ഞതുപോലെ പീഡനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ആൺകുട്ടി വിസമ്മതിച്ചു. ചാറ്റിന് മറുപടി നൽകുന്നത് നിർത്തി. ചാറ്റിന്റെ സ്ക്രീൻഷോട്ട് എടുത്ത് തന്റെ കൂട്ടുകാർക്ക് അയച്ചുകൊടുത്തു. ആൺകുട്ടിയായി നടിച്ച പെൺകുട്ടി അടക്കമുളളവർക്കാണ് സ്ക്രീൻഷോട്ട് അയച്ചു കൊടുത്തത്. പക്ഷേ ഇക്കാര്യം പെൺകുട്ടി ആരോടും മിണ്ടിയില്ല. പക്ഷേ മറ്റൊരാൾ സ്ക്രീൻഷോട്ട് തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. അതിലൂടെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്,” റോയ് പറഞ്ഞു.
Read Also: ബോയ്‌സ് ലോക്കർ റൂം: നേരമ്പോക്കിനു തുടങ്ങിയ ഇൻസ്റ്റഗ്രാം ഗ്രൂപ്പെന്ന് പ്രതി
തന്റെ ആൺ സുഹൃത്തിനെ ടെസ്റ്റ് ചെയ്യുന്നതിനുവേണ്ടിയാണ് മെസേജ് അയച്ചതെന്ന് പെൺകുട്ടി കുറ്റസമ്മതം നടത്തിയതായി പൊലീസ് ഓഫീസർ പറഞ്ഞു. വ്യാജ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യുന്നത് തെറ്റാണ്, പക്ഷേ അവളുടെ ഉദ്ദേശ്യം സംശയാസ്പദമല്ല, അതിനാൽ ഞങ്ങൾ പരാതി എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബോയ്സ് ലോക്കർ റൂം കേസുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് അഡ്മിനെ സൈബർ സെൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്ലസ് ടു വിദ്യാർഥിയായ പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ല. ദക്ഷിണ ഡൽഹിയിലെ വിദ്യാർഥികൾ ചേർന്നുണ്ടാക്കിയ ഇൻസ്റ്റഗ്രാം ഗ്രൂപ്പിന്റെ പേരാണ് ബോയ്‌സ് ലോക്കർ റൂം. സഹപാഠികളായ പെൺകുട്ടികളെ എങ്ങനെ പീഡിപ്പിക്കാം എന്നതടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പിൽ ചർച്ച ചെയ്യുന്നത്. സ്‌കൂളിലെ പെൺകുട്ടികളുടെ അശ്ലീല ചിത്രമടക്കം ഗ്രൂപ്പുകളിൽ പങ്കുവച്ചിട്ടുണ്ട്. സ്‌കൂളിലെ ഒരു വിദ്യാർഥിനി തന്നെയാണ് ഗ്രൂപ്പിലെ കാര്യങ്ങൾ പുറത്തറിയിക്കുന്നത്. ഗ്രൂപ്പിൽ നടക്കുന്ന അശ്ലീല സംഭാഷണങ്ങൾ അടക്കം ആ വിദ്യാർഥിനി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഇതോടെ ഗ്രൂപ്പ് വിവാദത്തിലായി.
Read in English: ‘Bois Locker Room’ case: In viral chat, police say girl pretended to be boy