/indian-express-malayalam/media/media_files/uploads/2023/05/Wrestlers-1.jpg)
വിനേഷ് ഫോഘട്ട്, ബജ്റംഗ് പൂനിയ, സാക്ഷി മാലിക്ക്
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഇന്ത്യ മേധാവി ബ്രിജ് ഭൂഷനെതിരായ ലൈംഗികാരോപണ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സെക്ഷൻ 354, സെക്ഷൻ 354 എ, സെക്ഷൻ 354 ഡി എന്നീ വകുപ്പുകളാണ് സിങ്ങിനെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ കേസിൽ ഇരയുടെ പിതാവിന്റെയും ഇരയുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ റദ്ദാക്കൽ റിപ്പോർട്ട് സമർപ്പിച്ചു. പോക്സോ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് റദ്ദാക്കൽ റിപ്പോർട്ട് സമർപ്പിച്ചത്. ജൂലൈ നാലിന് കോടതി ഈ വിഷയം പരിഗണിക്കും.
ഏപ്രിൽ 22 നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം വനിതാ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡനത്തിന് ഡൽഹി കൊണാട്ട് പ്ലെയ്സിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയില്‍ പോക്‌സോ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്ങിനെതിരെ കേസെടുത്തിരിക്കുന്നത്.
ഒരു ഒളിമ്പ്യൻ, ഒരു കോമൺവെൽത്ത് സ്വർണ മെഡൽ ജേതാവ്, ഒരു രാജ്യാന്തര റഫറി, ഒരു സംസ്ഥാന തല പരിശീലകൻ എന്നിവർ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ വനിതാ ഗുസ്തിക്കാരുടെ ലൈംഗിക പീഡന ആരോപണങ്ങൾ ശരിവച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
ടൂർണമെന്റുകൾക്കിടയിലും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്‌ഐ) ഓഫീസിൽവച്ചും ലൈംഗിക അതിക്രമത്തിന്റെയും മോശം പെരുമാറ്റത്തിന്റെയും നിരവധി സംഭവങ്ങളാണ് നടന്നത്. ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ ഏപ്രിൽ 21 ന് നൽകിയ രണ്ടു പരാതികളിൽ കുറഞ്ഞത് എട്ടു സംഭവങ്ങളെങ്കിലും വിവരിച്ചിട്ടുണ്ട്.
ഒരു ഗുസ്തി താരത്തിന്റെ പരാതിയിൽ സിങ്ങിൽനിന്നും നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിന്റെ അഞ്ചു സംഭവങ്ങളെങ്കിലും പറഞ്ഞിട്ടുണ്ട്. 2016 ലെ ടൂർണമെന്റിനിടെ റസ്റ്ററന്റിൽ വച്ചായിരുന്നു ഒരു സംഭവം. തന്നോടൊപ്പം ടേബിളിൽ ഇരിക്കാൻ ആവശ്യപ്പെട്ടതിനുശേഷം സിങ് പെൺകുട്ടിയുടെ മാറിടത്തിലും വയറിലും സ്പർശിച്ചു. ഈ സംഭവത്തിനുശേഷം തനിക്ക് ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിഞ്ഞിരുന്നില്ലെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. 2019 ൽ മറ്റൊരു ടൂർണമെന്റിനിടയിലും സിങ് ഒരിക്കൽ കൂടി തന്റെ മാറിടത്തിലും വയറിലും സ്പർശിച്ചതായി പെൺകുട്ടി പറഞ്ഞിട്ടുണ്ട്.
2018-ൽ വാമിങ് അപ് ചെയ്യുന്നതിനിടെ തന്റെ സമ്മതമില്ലാതെ സിങ് തന്റെ ജേഴ്‌സി ഉയർത്തിയശേഷം ശ്വാസം പരിശോധിക്കണമെന്ന് പറഞ്ഞ് മാറിടത്തിലും വയറിലും സ്പർശിച്ചുവെന്ന് രണ്ടാമത്തെ പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഇത് തന്നെ വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയില്‍ പോക്‌സോ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്ങിനെതിരെ കേസെടുത്തിരിക്കുന്നത്. ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.