പോര്‍ട്ട് ബ്ലെയര്‍: കൊല്ലപ്പെട്ട അമേരിക്കന്‍ മിഷണറി പ്രവര്‍ത്തകന്റെ മൃതദേഹം വീണ്ടെടുക്കാന്‍ എത്തിയ പൊലീസ് ശ്രമം പരാജയപ്പെട്ടു. ജോണ്‍ അലന്‍ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനായി ദ്വീപിലേക്ക് പുറപ്പെട്ട പൊലീസ് ദ്വീപിന്റെ കരയില്‍ ആയുധധാരികളായ ഗോത്രവര്‍ഗ്ഗക്കാരെ കണ്ടതിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.

അലനെ അവസാനമായി കണ്ട സ്ഥലത്തു വച്ചുതന്നെയാണ് ഗോത്രവര്‍ഗ്ഗക്കാരെ കണ്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ ദീപേന്ദ്ര പാഥക് പറഞ്ഞു. തീരത്തു നിന്നും 400 മീറ്റര്‍ അകലെ നിന്നും ബൈനോക്കുലറിലൂടെ നോക്കിയപ്പോഴായിരുന്നു ദ്വീപുവാസികള്‍ അമ്പും വില്ലുമായി നിലയുറപ്പിച്ചതായി കണ്ടത്. ഇതേ തുടര്‍ന്നായിരുന്നു പൊലീസ് പിന്മാറിയത്. ്അതേസമയം, ചൗവിന്റെ മൃതശരീരം വീണ്ടെടുക്കാനുള്ള ശ്രമം തുടരുമെന്ന് പോലീസ് പറയുന്നു.

”അവര്‍ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ഞങ്ങളെ അവരെ കണ്ടെന്ന് മനസിലായി. അതോടെ ബോട്ട് തിരിച്ചു വിടുകയായിരുന്നു” പാഥക് പറഞ്ഞു. ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് തിരികെ മടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ആന്‍ഡമാന്‍ ദ്വീപിലേക്ക് മതപരിവര്‍ത്തനത്തിനെത്തിയ ജോണ്‍ അലന്‍ ചൗവിന്റെ മൃതശരീരം വീണ്ടെടുക്കാന്‍ പുതിയ വഴികള്‍ തേടുകയാണ് പൊലീസ്. ആന്‍ഡമാന്‍ നിക്കോബാറിലെ സെന്റിനല്‍ ദ്വീപ് ഗോത്രക്കാരുടെ അമ്പേറ്റാണ് നവംബര്‍ 17 ന് അലന്‍ ചൗ മരിച്ചത്.

പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ആദിമ നിവാസികളാണ് സെന്റിനല്‍ ദ്വീപിലുള്ളത്. ഇവരുടെ മരണാനന്തര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ നരവംശ ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും സഹായം തേടുകയാണ് പൊലീസ് അന്വേഷണ സംഘം.

അലനെ കൊലചെയ്ത ശേഷം മൃതശരീരം സമുദ്രതീരത്ത് മറവ് ചെയ്തതായും ചൗവിനെ ദ്വീപിലെത്താന്‍ സഹായിച്ച മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. മറവ് ചെയ്ത് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ശരീരം വീണ്ടും പുറത്തെടുത്ത് മുളവടിയില്‍ കെട്ടി തീരത്ത് കുത്തിനിര്‍ത്തുന്ന പതിവുണ്ടെന്ന് ഇവരുടെ രീതികള്‍ പഠന വിഷയമാക്കിയ ഗവേഷകര്‍ പറയുന്നു. അവരുടെ വാസസ്ഥലത്ത് അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ