ഛത്തീസ്ഗഢിലെ ദന്തേവാഡയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ വിശദീകരണവുമായി മാവോയിസ്റ്റുകൾ. മാധ്യമ പ്രവർത്തകരെ ലക്ഷ്യം വെച്ചിരുന്നില്ല, അവർ അബദ്ധത്തിൽ അക്രമിക്കപ്പെട്ടതാണെന്നാണ് മാവോയിസ്റ്റ് നേതാവ് സായ്നാഥ് പേരിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ദൂരദര്‍ശന്‍ ക്യാമറാമാൻ അച്യുത്യാനന്ദ സാഹുവുമാണ് അക്രമണത്തിൽ കൊല്ലപ്പെട്ടത്. അടുത്തമാസം ഇവിടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താശേഖരണത്തിനായി പോയതായിരുന്നു ദൂരദര്‍ശന്‍ സംഘം. ദന്തേവാഡയിലെ അരന്‍പൂരിലാണ് ആക്രമണം നടന്നത്.
സായ്നാഥിന്റെ പേരിൽ പുറത്തിറങ്ങിയ പ്രസ്താവനയുടെ പൂർണ്ണരൂപം ഇങ്ങനെ. “ദൂരദർശൻ ക്യാമറമാൻ കൊല്ലപ്പെട്ടത് അബദ്ധത്തിലാണ്. മാധ്യമങ്ങളെ ആക്രമിക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ലായിരുന്നു.” മാധ്യമപ്രവർത്തകരോടും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും സുരക്ഷ ജീവനക്കരില്ലാതെ പ്രദേശത്തേക്ക് എത്തിയാൽ മതിയെന്നും കത്തിൽ നിർദ്ദേശിക്കുന്നു.
എന്നാൽ മാവോയിസ്റ്റുകളുടെ ന്യായികരണം മറ്റൊരു തന്ത്രമാണെന്നും ക്യാമറ തട്ടിയെടുത്തത് തെളിവ് നശിപ്പിക്കാനാണെന്നും ദന്തേവാഡ എസ് പി പ്രതികരിച്ചു. അക്രമണത്തിന്റെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തിരുന്നത്, ഇതിൽ നിന്ന് അവരുടെ ലക്ഷ്യം മാധ്യമങ്ങളായിരുന്നെന്ന് വ്യക്തമണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതൊരു അബദ്ധമാണെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.