ന്യൂഡൽഹി: മധ്യപ്രദേശ് വെടിവെപ്പിൽ ​കൊല്ലപ്പെട്ട കർഷകരുടെ ബന്ധുക്കളെ സന്ദർശിക്കാൻ പുറപ്പെട്ട കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പൊലീസ് കരുതൽ തടങ്കലിലാക്കി. ഉദയ്​പൂർ വിമാനത്താവളത്തിൽ നിന്ന്​ കാറിൽ യാത്ര ആരംഭിച്ച രാഹുൽ നാടകീയമായി യാത്ര ​ബൈക്കിലേക്കു മാറ്റി. പിന്നീട്​ കാൽനടയായും യാത്ര തുടർന്നെങ്കിലും പൊലീസ്​ തടയുകയായിരുന്നു.

പൊലീസ് ബാരിക്കേഡുകൾ മറികടന്ന് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. എന്നാൽ കാരണം കാണിക്കാതെയാണ് തന്നെ അറസ്റ്റ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നേരത്തെ പൊലീസ് വെടിവെപ്പിൽ അഞ്ച് കർഷകർ കൊല്ലപ്പെട്ട മധ്യപ്രദേശിലെ മന്ദ്​സോറിൽ സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

എട്ടു ദിവസമായി മന്ദ്​സോറിൽ പ്രക്ഷോഭം നടക്കുകയാണ്​. പ്രക്ഷോഭ സ്​ഥലത്ത്​ ദ്രുതകർമ്മ ​സേനയെ നിയോഗിച്ചിട്ടുണ്ട്​. ഇന്ത്യൻ കർഷകർക്ക്​​ മേൽ വീണ മരണ ശാപമാണ്​ ബി.ജെ.പിയെന്ന്​ കോൺഗ്രസ്​ വാക്​താവ്​ അഭിഷേക്​ സിങ്​വി പറഞ്ഞു. കർഷക പ്രക്ഷോഭം കോൺഗ്രസ്​ ഹൈജാക്ക്​ ചെയ്യുകയാണെന്ന്​ ബിജെപിയും ആരോപിച്ചു.

കാർഷിക ഉത്​പന്നങ്ങൾ താങ്ങുവില നിശ്​ചയിക്കണമെന്നും കാർഷിക വായ്​പ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടാണ്​ സമരം നടക്കുന്നത് .സമരക്കാർക്കിടയിലേക്ക്​ നടന്ന ​പൊലീസ്​ വെടി​വെപ്പിൽ അഞ്ചു പേരാണ്​ കൊല്ലപ്പെട്ടത്​.

അതേസമയം, വെടിവെപ്പ്​ പൊലീസ്​ നടത്തിയതു തന്നെയെന്ന്​ മധ്യപ്രദേശ്​ ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ് സമ്മതിച്ചു. നേരത്തെ, പൊലീസ്​ വെടിവെപ്പല്ല മരണകാരണമെന്നായിരുന്നു സർക്കാറി​​​​ന്റെ അവകാശവാദം.സമരക്കാർക്ക്​ നേരെ പൊലീസ്​ വെടി​വെച്ച സംഭവത്തിൽ ജില്ലാ കലക്​ടറേയും പൊലീസ്​ സുപ്രണ്ടി​നെയും സ്​ഥലം മാറ്റുകയും ചെയ്​തു.

Read More : പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി; ‘വഴി മുടക്കിയ’ പൊലീസുകാരനെ തളളി മാറ്റി

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ