പട്‌ന: പൊലീസ് കസ്റ്റഡിയില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടത് അതിക്രൂരമായ മർദനങ്ങള്‍ക്ക് ഇരയായ ശേഷം. സംസ്‌കാര ചടങ്ങുകള്‍ക്കായി യുവാക്കളുടെ മൃതദേഹം കുളിപ്പിക്കാന്‍ എടുത്തപ്പോഴാണ് ശരീരത്തില്‍ അതിക്രൂരമായ മർദനം നേരിട്ടതായി ബന്ധുക്കള്‍ക്ക് മനസിലായത്. കൊല്ലപ്പെട്ടവരുടെ നഖങ്ങള്‍ ചതച്ചരക്കപ്പെട്ട നിലയിലാണ്. കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കള്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് നല്‍കി. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

യുവാക്കളുടെ കസ്റ്റഡി കൊലപാതകം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ബിഹാര്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ ‘ദ ഇന്ത്യന്‍ എക്‌സ്പ്രസി’നോട് പ്രതികരിച്ചു. സംഭവത്തില്‍ സിതാമാരിയിലെ ധുംറ പൊലീസ് സ്റ്റേഷന്‍ മേധാവി ചന്ദ്രഭൂഷണ്‍ സിങ് ഉള്‍പ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും എസ്‌പി അടക്കമുള്ളവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.

രാംദിഹ ഗ്രാമത്തിലെ ഗുഫ്‌റാന്‍ അലാം (30), തസ്‌ലിം അന്‍സാരി (32) എന്നീ യുവാക്കളെ മാര്‍ച്ച് ആറിനാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ബൈക്ക് മോഷണം ആരോപിച്ചാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവാക്കളെ കുറ്റം സമ്മതിക്കുന്നതിന് വേണ്ടി ക്രൂരമായി മർദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് കസ്റ്റഡിയിലെടുത്ത് 20 മണിക്കൂറിന് ശേഷമാണ് ഇരുവരും കൊല്ലപ്പെട്ടത്.

ചില കേസുകളുമായി ബന്ധപ്പെട്ട് ഗുഫ്‌റാനെ ചോദ്യം ചെയ്യാനുണ്ടെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പൊലീസ് മകനെ കൊണ്ടുപോയതെന്ന് ഗുഫ്‌റാന്റെ പിതാവ് മുനവര്‍ അലി ‘ദ ഇന്ത്യന്‍ എക്‌സ്പ്രസി’നോട് പറഞ്ഞു. ചക്കിയ പൊലീസ് സ്റ്റേഷനില്‍ നിന്ന് അഞ്ച് പൊലീസ് ജീപ്പുകളാണ് ഗുഫ്‌റാനെയും തസ്‌ലിമിനെയും പിടികൂടാന്‍ എത്തിയതെന്നും തിരിച്ച് എന്തെങ്കിലും ചോദിക്കും മുന്‍പ് അവരെ പൊലീസ് കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ