ഹൈദരാബാദ്: പൊലീസ് ദമ്പതികളായ എം.രവീന്ദറും പ്രിയങ്കയുമാണ് ഇപ്പോള്‍ ഹൈദരാബാദിലെ താരങ്ങള്‍. പുതുവര്‍ഷ പുലരിയില്‍ ലോകത്തിന് തങ്ങളുടെ പ്രവര്‍ത്തിയിലൂടെ സ്‌നേഹത്തിന്റേയും കരുണയുടേയും മാതൃകയായി മാറിയിരിക്കുകയാണ് ഇരുവരും. നോക്കാനാളില്ലാതെ സ്റ്റേഷനിലെത്തിയ കുഞ്ഞിന് കരുതലും സ്‌നേഹവുമായി മാറുകയായിരുന്നു ഇരുവരും.

ഇന്നലെ രാത്രിയാണ് സംഭവം. ഒസ്മാനിയ ജനറല്‍ ആശുപത്രിയില്‍ രണ്ട് മാസം മാത്രം പ്രായമുളള കുഞ്ഞുമായി യുവതി ചികിത്സ തേടി എത്തുകയായിരുന്നു. പുറത്തേക്ക് പോകേണ്ട ആവശ്യം വന്നപ്പോള്‍ യുവതി കുഞ്ഞിനെ തനിക്ക് അരികിലുണ്ടായിരുന്ന വ്യക്തിയെ ഏല്‍പ്പിച്ചിട്ടു പോയി. ഉടനെ മടങ്ങിയെത്താമെന്ന് പറഞ്ഞായിരുന്നു യുവതി പോയത്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യുവതി തിരിച്ചു വന്നില്ല. ഇതോടെ പരിഭ്രാന്തനായ അയാള്‍ കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി.

വീട്ടിലെത്തിയിട്ടും കുഞ്ഞ് കരച്ചില്‍ നിര്‍ത്തിയില്ല. പാല് കൊടുക്കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞ് കരച്ചില്‍ നിര്‍ത്തിയില്ല. ഇതോടെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനായ അഫ്‌സര്‍ഗുഞ്ച് സ്‌റ്റേഷനിലേക്ക് ഇയാള്‍ കുഞ്ഞിനേയും കൊണ്ടു ചെന്നു. കുഞ്ഞുമായി ഇയാള്‍ സ്റ്റേഷനിലെത്തുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത് രവീന്ദ്രായിരുന്നു. കുഞ്ഞ് കരച്ചില്‍ നിര്‍ത്തുന്നില്ലെന്ന് കണ്ട രവീന്ദർ ഉടനെ തന്റെ ഭാര്യ പ്രിയങ്കയെ വിവരം അറിയിച്ചു. കുറച്ച് ദിവസം മുമ്പായിരുന്നു പ്രിയങ്ക പ്രസവിച്ചത്. ഇപ്പോഴവര്‍ പ്രസവ അവധിയിലാണ്. രവീന്ദ്രന്റെ ഫോണ്‍ വിളി വന്നതും പ്രിയങ്ക ടാക്‌സി വിളിച്ച് സ്റ്റേഷനിലെത്തി കുഞ്ഞിന് മുലയൂട്ടുകയും ചെയ്തു. വിശപ്പ് മാറിയതോടെ അവള്‍ സ്വസ്ഥമായി ഉറക്കവും തുടങ്ങി.

”ഭര്‍ത്താവ് വിളിച്ചപ്പോള്‍ തന്നെ താന്‍ ഒരു ടാകസി ബുക്ക് ചെയ്തു, ഞാനും ഒരു കുട്ടിയുടെ അമ്മയാണ്. വിശന്നിട്ടാവും കുഞ്ഞ് നിര്‍ത്താതെ കരയുന്നതെന്ന് എനിക്ക് മനസ്സിലായി” പ്രിയങ്ക പറഞ്ഞു.

പിന്നീട് കുഞ്ഞിനെ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ തന്റെ കുഞ്ഞിനെ കാണുന്നില്ലെന്ന പരാതിയുമായി ഒരു യുവതി എത്തിയതായി ചഞ്ചല്‍ഗുഡയില്‍ നിന്നും പൊലീസിന് വിവരം ലഭിച്ചു. നേരത്തെ കുഞ്ഞിനെ യുവാവിനെ ഏല്‍പ്പിച്ച് പോയവര്‍ തന്നെയായിരുന്നു അത്. സംഭവം പുറത്തറിഞ്ഞതു മുതല്‍ പൊലീസ് ദമ്പതികള്‍ക്ക് അഭിനന്ദന പ്രവാഹമാണ്. പിന്നാലെ ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ ദമ്പതികളെ ആദരിക്കുകയും ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ