ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം നടക്കുന്നതിനിടെ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ നാല് മരണം. പൗരത്വ ഭേദഗതി നിയമതത്തെ അനുകൂലിക്കുന്നവരും പ്രതിഷേധിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷത്തില്‍ മൂന്ന് സാധാരണക്കാരും പൊലീസുകാരനുമാണ് മരിച്ചത്. മരിച്ചവരിലൊരാൾ മുഹമ്മദ് ഫര്‍ഖാനാണെന്നാണ് അറിയുന്നത്. മരിച്ച പൊലീസുകാരന്റെ പേര് ലഭ്യമായിട്ടില്ല. സംഭവത്തിൽ 37 പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) ജഫ്രാബാദ്, മൗജ്പൂര്‍-ബാബര്‍പൂര്‍, ഗോകുല്‍പുരി, ജോഹ്രി എന്‍ക്ലേവ്, ശിവ് വിഹാര്‍, ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, ജന്‍പത് സ്റ്റേഷനുകള്‍ അടച്ചു. ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം നടക്കുന്ന സാഹചര്യത്തിൽ കലാപം പാർലമെന്റ്, രാഷ്ട്രപതി ഭവൻ മേഖലകളിൽ പടരാതിരിക്കുന്നതിനുള്ള മുന്‍കരുതലായിട്ടാണ് നടപടി.

ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് അക്രമം ആസൂത്രിതമായി നടപ്പിലാക്കിയതാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഢി ആരോപിച്ചു. ആസൂത്രിതമായ അക്രമമാണ് നടന്നതെന്നും ഇതിനെ അപലപിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ അക്രമത്തെ പൊറുപ്പിക്കില്ല. ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. ആഭ്യന്തര മന്ത്രാലയം സാഹര്യം വിലയിരുത്തുന്നുവെന്നും മന്ത്രി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കിഴക്കന്‍ ഡല്‍ഹിയിലെ നിലവിലെ സാഹചര്യത്തിന് കോണ്‍ഗ്രസിനെയും മന്ത്രി കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും സിഎഎയ്‌ക്കെതിരായ സമരത്തെ പിന്തുണയ്ക്കുന്നവരും ഇന്ത്യയുടെ പ്രതിച്ഛായയെ നശിപ്പിക്കുന്നതില്‍ പങ്കുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

വടക്ക് കിഴക്കന്‍ ദല്‍ഹിയിലെ മൗജ്പൂര്‍ മേഖലയിലാണ് സംഘര്‍ഷമുണ്ടായത്.
ബാബര്‍പൂര്‍ മെട്രോ സ്റ്റേഷനു സമീപം ഇരുവിഭാഗങ്ങളും തമ്മില്‍ കല്ലേറ് നടന്നു. അക്രമങ്ങളില്‍ പരുക്കേറ്റവരെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.യമുനാ വിഹാറില്‍ വാഹനങ്ങള്‍ക്കു തീവച്ചു. ജഫ്രാബാദിലും മൗജ്പൂരിലും രണ്ട് വാഹനങ്ങളും ഒരു അഗ്‌നിശമന സേനാ വാഹനവും തീവച്ച് നശിപ്പിച്ചു. മൗജ്പൂരിലെ ഒരു ഗോഡൗണ്‍ അക്രമികള്‍ കത്തിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ദല്‍ഹിയിലെ ക്രമസമാധാന നില പുനഃസ്ഥാപിക്കണമെന്ന് ലഫ്റ്റന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആവശ്യപ്പെട്ടു.ഡല്‍ഹിയിലെ സമാധാനത്തിനും മൈത്രിക്കും ഭംഗമുണ്ടാക്കുന്ന അസഹ്യപ്പെടുത്തുന്ന വാര്‍ത്തകള്‍ വരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ക്രമസമാധാനം ഉറപ്പുവരുത്താന്‍ ലഫ്റ്റന്റ് ഗവര്‍ണര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. സംഭവം നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഡല്‍ഹിയിലെ ക്രമസമാധാന ചുമതല കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. സമാധാനം പാലിക്കാന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇരുവിഭാഗവുമായും പൊലീസ് ചര്‍ച്ച നടത്തിയെന്ന് വടക്ക് കിഴക്കന്‍ ഡല്‍ഹി ഡിസിപി വേദ് പ്രകാശ് സൂര്യ പറഞ്ഞു. സാഹചര്യം നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബിജെപി നേതാവ് കപില്‍ മിശ്രയാണ് അക്രമങ്ങള്‍ക്ക് കാരണക്കാരനെന്ന് എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസാദുദ്ദിന്‍ ഒവൈസി ആരോപിച്ചു. മിശ്രയുടെ പ്രസംഗത്തിന്റെ ഫലമാണ് അക്രമം. അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും എംപി ആവശ്യപ്പെട്ടു.

കപില്‍ മിശ്ര ഞായറാഴ്ച മൗജ്പൂരില്‍ സിഎഎ അനുകൂലികളെ സന്ദര്‍ശിച്ച് മടങ്ങിയതിന് പിന്നാലെയാണ്അക്രമം ആരംഭിച്ചത്. ജഫ്രാബാദ് മെട്രോ സ്റ്റേഷന് സമീപം സിഎഎ വിരുദ്ധ പ്രക്ഷോഭം നടക്കുന്നതിനു രണ്ട് കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. 500 പേരാണ് സമരത്തിലുള്ളത്. സീലംപൂരിനെ മൗജ്പൂരും യമുന വിഹാറുമായി ബന്ധിപ്പിക്കുന്ന റോഡില്‍ ശനിയാഴ്ച രാത്രിയിലാണ് ധര്‍ണ ആരംഭിച്ചത്.

ഈ റോഡിലെ തടസ്സം നീക്കുന്നതിന് പൊലീസിന് മൂന്ന് ദിവസത്തെ അന്ത്യശാസനം നല്‍കുന്നതായി മിശ്ര ട്വീറ്റ് ചെയ്തിരുന്നു. ജഫ്രാബാദ്, ചന്ദ്ബാഗ് റോഡിലെ തടസം നീക്കണമെന്നു മിശ്ര ആവശ്യപ്പെട്ടു. ഒന്നര മണിക്കൂറോളം മുന്‍എംഎല്‍എയായ മിശ്ര സ്ഥലത്ത് ചെലവഴിച്ചശേഷം വൈകുന്നേരം നാലരയോടെ തിരിച്ചുപോയി. അതിനുതൊട്ട് പിന്നാലെ അക്രമം ആരംഭിച്ചുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇരുവിഭാഗങ്ങളും പരസ്പരം കല്ലേറ് നടത്തി. തുടര്‍ന്ന് അക്രമം ബാബര്‍പൂരിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് വ്യാപിച്ചു.

Read in English

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook