കൊൽകത്ത: ബംഗാളിൽ മുഖമന്ത്രി മമത ബാനർജിയുടെ പിന്തുണയില്ലാത്ത സ്​ത്രീകൾ ബലാത്സംഗത്തിനിരയാകുമെന്ന പരാമര്‍ശം നടത്തിയ ബിജെപി എംപി രൂപ ഗാംഗുലിക്കെതിരെ കേസ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിപ്രകാരമാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കോൺഗ്രസിനേയും തൃണമൂൽ കോൺഗ്രസിനേയും പിന്തുണക്കുന്നവർ അവരുടെ സ്ത്രീകളായ ബന്ധുക്കളെ പശ്ചിമബംഗാളിലേക്ക് അയക്കണമെന്നും 15ദിവസത്തിനുള്ളിൽ അവർ ബലാത്സംഗം ചെയ്യപ്പെട്ടിരിക്കുമെന്നും ആണ് രൂപാ ഗാംഗുലി പറഞ്ഞത്. ഒരു സത്രീക്കും 15 ദിവസത്തിലപ്പുറം ബലാത്സംഗത്തെ അതിജീവിച്ച് അവിടെ നില്‍ക്കാന്‍ കഴിയില്ലെന്നും രൂപാ ഗാംഗുലി ആക്ഷേപിച്ചു. മമതാ ബാനര്‍ജി സര്‍ക്കാരിന്റെ ആതിഥ്യഗുണമാണ് ഇതെന്നും രൂപാ ഗാംഗുലി പറഞ്ഞു.

‘മമത ബാനര്‍ജിയുടെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എല്ലാ പാര്‍ട്ടിക്കാരേയും ഞാന്‍ വെല്ലുവിളിക്കുകയാണ്. മമത ബാനര്‍ജിയുടെ സംരക്ഷണം ഇല്ലാതെ ഇവര്‍ അവരുടേയും മക്കളേയും സഹോദരിമാരേയും ഭാര്യമാരേയും ബംഗാളിലേക്ക് അയക്കാന്‍ തയ്യാറുണ്ടോ? അവിടെ അവര്‍ ബലാത്സംഗത്തിനിരയാകാതെ കഴിയുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ?’ എ.എന്‍.ഐയോട് പ്രതികരിക്കവേ രൂപാ ഗാംഗുലി ചോദിച്ചു. ആരുടേയും സംരക്ഷണമില്ലാതെ ഒരു സ്ത്രീയ്ക്ക് പോലും അവിടെ ഒരു രാത്രി കഴിച്ചുകൂട്ടാനാവില്ലെന്നും നേരത്തെ രൂപാ ഗാംഗുലി പറഞ്ഞു.

വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ്‌ ബിജെപി നേതാക്കള്‍ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചിരുന്നു. പശ്ചിമ ബംഗാളില്‍ കലാപം ശക്തമാകാൻ മതസ്പര്‍ദ പടര്‍ത്തുന്ന വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ബിജെപി ഐടി സെക്രട്ടറി തരുണ്‍ സെന്‍ഗുപ്തയെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് സെന്‍ഗുപ്തക്കെതിരേ കേസെടുത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ