ജാമിയ വിദ്യാർഥികൾക്കു നേരെ അതിക്രമം; പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് പൊലീസ് മർദനം

ഗുരുതര പരുക്കിനെ തുടർന്ന് ജാമിയ സർവകലാശാലയിലെ 16 വിദ്യാർഥികളെയാണ് അൽ-ഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്

ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾക്കു നേരെ പൊലീസ് അതിക്രമം. വിദ്യാർഥികളുടെ സ്വകാര്യ ഭാഗത്തു പോലും പൊലീസ് മർദിച്ചതായി റിപ്പോർട്ടുകളുണ്ട്. ജാമിയ മിലിയ സർവകലാശാലയിൽ നിന്നു പാർലമെന്റിലേക്കു നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് സംഭവം.

പാർലമെന്റ് പരിസരത്തുവച്ച് പൊലീസ് വിദ്യാർഥികളുടെ മാർച്ച് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞു. വിദ്യാർഥികൾ ബാരിക്കേഡുകൾ കടന്നു മുന്നോട്ടു പോകാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് അതിക്രമം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്നു വിദ്യാർഥികൾ. നൂറിലേറെ വിദ്യാർഥികൾ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.

പൊലീസ് വിദ്യാർഥികൾക്കു നേരെ ലാത്തി വീശുകയായിരുന്നു. പരുക്കേറ്റ വിദ്യാർഥികളെ ജാമിയ ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതര പരുക്കുകളുള്ള വിദ്യാർഥികളെ അൽ-ഷിഫ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടികളടക്കം പങ്കെടുത്ത പ്രതിഷേധ മാർച്ചിലാണ് പൊലീസ് അതിക്രമം. വിദ്യാർഥികൾ ബാരിക്കേഡുകൾ മറികടന്നു മുന്നോട്ടു പോകാൻ ശ്രമിച്ചതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. പൗരത്വം തെളിയിക്കാൻ ഞങ്ങൾ രേഖകൾ കാണിക്കില്ലെന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു വിദ്യാർഥികൾ പ്രതിഷേധിച്ചത്.

Read Also: നാല് മാസം കൊണ്ട് 26 കിലോ കുറച്ചു; ഫൊട്ടോ പങ്കുവച്ച് സാനിയ, കമന്റ് ചെയ്‌ത് യുവരാജ്

ഗുരുതര പരുക്കിനെ തുടർന്ന് ജാമിയ സർവകലാശാലയിലെ 16 വിദ്യാർഥികളെയാണ് അൽ-ഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ആശുപത്രിയിലെ ഡോക്‌ടർ അബ്‌ദുൾ നാസർ പറഞ്ഞു. “വിദ്യാർഥികളുടെ വയറിനു മർദനമേറ്റിട്ടുണ്ട്. പരുക്കേറ്റവരെ നിരീക്ഷിക്കുകയാണ്. സ്വകാര്യ ഭാഗത്ത് മർദനമേറ്റതായി ഒരു പെൺകുട്ടി ആരോപിച്ചു. പ്രാഥമിക പരിശോധനകൾ പൂർത്തിയായി. ആന്തരിക മുറിവുണ്ടോ എന്നു പരിശോധിക്കാൻ അൾട്രാ സൗണ്ട് സ്‌കാനിങ് നടത്തും” ഡോ.അബ്‌ദുൾ നാസർ പറഞ്ഞു.

പൊലീസ് ലാത്തി കൊണ്ടും ബൂട്ട് കൊണ്ടും മർദിച്ചതായി വിദ്യാർഥികളുടെ ആരോപണമുണ്ട്. പൊലീസ് ബൂട്ട് കൊണ്ട് തങ്ങളുടെ വയറ്റിൽ ചവിട്ടിയതായും വിദ്യാർഥികൾ ആരോപിക്കുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ദിവസങ്ങളോളമായി ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർഥികൾ പ്രതിഷേധിക്കുന്നുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Police attack against jamia students caa protest

Next Story
ആളുകളൊക്കെ ജാക്കറ്റും പാന്റും ധരിക്കുന്നു, രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല: ബിജെപി എംപി
The moderation of comments is automated and not cleared manually by malayalam.indianexpress.com