തൃശൂര്‍: മണലൂരിലെ ക്ഷേത്രത്തില്‍ കോമരം നടത്തിയ കല്‍പനയില്‍ മനംനൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോമരം തുള്ളിയ യുവാവായ ശ്രീകാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവ് ജോബിനും സഹോദരന്‍ മണികണ്ഠനും നല്‍കിയ പരാതിയിലാണ് അന്തിക്കാട് പൊലീസ് നടപടി.

ശ്രീകാന്തിനെ ഇന്നലെ വൈകുന്നരേം ആറുമണിയോടെയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. യുവാവിനെതിരെ ഐപിസി 306-ാം വകുപ്പ് പ്രകാരം ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയെന്ന് സിഐ മനോജ് കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

കഴിഞ്ഞ മാസം 25-നാണ് യുവതിയുടെ കുടുംബ ക്ഷേത്രത്തില്‍ കോമരം തുള്ളിയ ശ്രീകാന്ത് യുവതി തെറ്റുകാരിയാണെന്നും ദൈവത്തിന് മുന്നില്‍ മാപ്പ് പറയണമെന്നും കൽപന പുറപ്പെടുവിച്ചതെന്ന് ഭര്‍ത്താവ് പൊലീസിന്‌  നല്‍കിയ പരാതിയില്‍ പറയുന്നു.

Also Read: ഡൽഹിയിലെ മുസ്‌ലിംകൾക്കെതിരായ അക്രമത്തെ അപലപിച്ച് ഇറാൻ

കുടുംബക്കാരുടേയും മക്കളുടേയും മറ്റ് ആളുകളുടേയും മുന്നില്‍വച്ചാണ് കോമരം യുവതിയെ കുറിച്ച് ഈ പ്രസ്താവന നടത്തിയത്. ഇതില്‍ മനംനൊന്ത യുവതി പിറ്റേദിവസം ആത്മഹത്യ ചെയ്തു.

പരാതിയില്‍ പറയുന്ന ശ്രീകാന്തിന്റെ സുഹൃത്തായ ജനമിത്രന്‍ ഏറെനാളായി യുവതിയെ കുറിച്ച് അപവാദ പ്രചാരണം നടത്തി വരുന്നുവെന്നും ഇയാളുടെ ശല്യപ്പെടുത്തലിനെ കുറിച്ച് അവര്‍ വീട്ടുകാരോടും ഭര്‍ത്താവിനോടും പരാതി പറഞ്ഞിരുന്നുവെന്നും വിദേശത്ത് ജോലിയുള്ള ഭര്‍ത്താവ് പറയുന്നു. ഇതേതുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധു കൂടിയായ ജനമിത്രനെ യുവതിയുടെ കുടുംബാംഗങ്ങള്‍ താക്കീത് ചെയ്തിരുന്നു. ഇയാളുടെ തുടര്‍ച്ചയായ ശല്യപ്പെടുത്തലിനെ തുടര്‍ന്നും കൂടിയാണ്‌ യുവതി ആത്മഹത്യ ചെയ്തതെന്ന് ഭര്‍ത്താവ് ആരോപിച്ചു. ജനമിത്രനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Read Also: ഉത്തർപ്രദേശിൽ ബിജെപി വിരുദ്ധ മുന്നണി രൂപീകരിച്ചേക്കും; സൂചനയുമായി ഭീം ആർമി

ജനമിത്രനും ശ്രീകാന്തും ചേര്‍ന്ന് അപമാനിക്കാനാണ് ശ്രമിച്ചതെന്ന് യുവതിയുടെ സഹോദരന്‍ മണികണ്ഠന്‍ പറഞ്ഞു. നിരവധി തവണ ജനമിത്രന്‍ യുവതിയെ ശല്യപ്പെടുത്തിയിരുന്നു. ക്ഷേത്രത്തില്‍ വച്ച് കോമരം നടത്തിയ കല്‍പനയില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകര്‍ യുവതിയുടെ വീട് സന്ദര്‍ശിക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

കോമരം തുള്ളലും കല്‍പനയും ആശങ്കയുണര്‍ത്തുന്നു: ജോസഫൈന്‍

സംഭവം ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും  സംഭവത്തില്‍ റിപ്പോര്‍ട്ട് തേടുമെന്നും യുവതിയുടെ വീട് സന്ദര്‍ശിക്കുമെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

“കോമരം തുള്ളലും ദൈവിക ശക്തി ആവേശിച്ചു കൊണ്ട് സ്ത്രീകള്‍ക്കെതിരെ ശബ്ദം പുറപ്പെടുവിക്കുന്നതും ഈ കാലഘട്ടത്തില്‍ കേരളത്തില്‍ നടക്കുന്നുവെന്നത് അത്ഭുതമാണ്. കൂടെ ആശങ്കയും ഉണര്‍ത്തുന്നു. നാട്ടില്‍ അന്ധവിശ്വാസം കൂടിവരുന്നു. കൃത്രിമ ദൈവികത്വം ആവേശിച്ചു കൊണ്ട് പ്രവചനങ്ങള്‍ നടത്തുക, ഒരാളെ ദുഷിക്കുക ഇതൊക്കെ അത്ഭുതപ്പെടുത്തുന്നു. ഇത്തരം സാഹചര്യങ്ങള്‍ എങ്ങനെ വിദ്യാസമ്പന്നമായ കേരളത്തില്‍ ഉണ്ടാകുന്നു,”. ഇതൊക്കെ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ട വിഷയമാണെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook