ബ്രസല്‍സ്: തുറമുഖ നഗരമായ ആന്റ്‍വെര്‍പ്പില്‍ ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞു കയറ്റിയ ആളെ ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയ ഉത്തര ആഫ്രിക്കന്‍ പൗരനായ ആളെയാണ് പൊലീസ് പിടികൂടിയത്. ഫ്രഞ്ച് രജിസ്ട്രേഷനിലുള്ള വാഹനമാണ് ഇയാള്‍ ഓടിച്ചിരുന്നത്.

ബ്രിട്ടീഷ് പാര്‍ലമെന്റിന് നേരെയുണ്ടായ ആക്രമണം നടന്ന് 24 മണിക്കൂറ് തികയും മുമ്പാണ് പുതിയ സംഭവം. 32 പേര്‍ കൊല്ലപ്പെട്ട ബ്രസല്‍സ് ആക്രമണത്തിന്റെ ഒന്നാം വാര്‍ഷിക ദിനം ഇന്നലെയാണ് കഴിഞ്ഞത്.
ഷോപ്പിംഗ് പ്രദേശത്തേക്കാണ് അക്രമി വാഹനം ഓടിച്ചു കയറ്റിയത്. രാജ്യത്തെ പ്രധാന ഷോപ്പിംഗ് പ്രദേശമായ ആന്റ്‍വെര്‍പ്പില്‍ സുരക്ഷാസനയുടെ ഇടപെടലാണ് അക്രമത്തിന്റെ വ്യാപ്തി കുറച്ചത്.

ബ്രസല്‍സ് ആക്രമണത്തിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് അതീവജാഗ്രത നിലനിന്നിരുന്നതും അക്രമിയെ എളുപ്പം പിടികൂടാന്‍ സഹായകമായി. അതിവേഗതയില്‍ പോയ കാര്‍ നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ നിര്‍ത്തിയില്ല. പിന്നീട് കൂടുതല്‍ പോലീസെത്തി കാര്‍ തടഞ്ഞ് പ്രതിയെ പിടികൂടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ