മുംബൈ: കോണ്‍ഗ്രസിനും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനുമെതിരെ ആഭ്യന്തര മന്ത്രി അമിത്ഷാ. പാക് അധീന കശ്മീരിന് ഉത്തരവാദി നെഹ്റുവാണെന്നും അദ്ദേഹം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കില്‍ ആ ഭാഗം ഇന്ത്യയുടേതാകുമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. കശ്മീര്‍ വിഷയം കൈകാര്യം ചെയ്യേണ്ടിയിരുന്നത് സര്‍ദാര്‍ പട്ടേലായിരുന്നുവെന്നും ഷാ പറഞ്ഞു.
”നെഹ്റു പാക്കിസ്ഥാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കില്‍ പാക് അധീന കശ്മീരുണ്ടാകില്ലായിരുന്നു. കശ്മീര്‍ വിഷയം കൈകാര്യം ചെയ്യേണ്ടിയിരുന്നത് പട്ടേലായിരുന്നു, നെഹ്റു ആയിരുന്നില്ല” മുംബൈയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാ. ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധീരതയെ അമിത് ഷാ അഭിനന്ദിച്ചു.
”പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധീരതയെ ഞാന്‍ അഭിനന്ദിക്കുന്നു. അദ്ദേഹം ആര്‍ട്ടിക്കിള്‍ 370 ഉം 35 എയും എടുത്തുമാറ്റി. അതും രണ്ടാം വട്ടം അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ പാര്‍ലമെന്റ് സെഷനില്‍ തന്നെ” ഷാ പറഞ്ഞു. കശ്മീർ വിഷയത്തിലും കോണ്‍ഗ്രസും എന്‍സിപിയും സ്വീകരിച്ച നിലപാടിനേയും ഷാ വിമര്‍ശിച്ചു.
”രാഹുല്‍ ഗാന്ധിയും ശരദ് പവാറും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പിന്തുണക്കുകയാണോ എതിര്‍ക്കുകയാണോ എന്ന് പറയണം. രാഹുല്‍ ഗാന്ധി പറയുന്നത് ആര്‍ട്ടിക്കിള്‍ 370 രാഷ്ട്രീയ വിഷയമാണെന്നാണ്. രാഹുല്‍ ബാബ, നിങ്ങള്‍ ഇപ്പോഴാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. പക്ഷെ ബിജെപിയുടെ മൂന്ന് തലമുറ കശ്മീരിനായും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും ജീവിതം നല്കിയവരാണ്. ഞങ്ങള്‍ക്കിത് രാഷ്ട്രീയ വിഷയമല്ല, ഭാരതാംബയെ വിഭജിക്കാതെ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ്” ഷാ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ ഒരു ബുള്ളറ്റ് പോലും ഫയര്‍ ചെയ്തിട്ടില്ലെന്നും വരും ദിവസങ്ങള്‍ക്കുള്ളില്‍ ഭീകരവാദം അവസാനിക്കുമെന്നും ഷാ പറഞ്ഞു. അതേസമയം, കശ്മീരിന്റെ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയേയും ഒമര്‍ അബ്ദുള്ളയേയും പേരെടുത്തു പറയാതെ, കശ്മീരിനെ ഭരിച്ചവര്‍ അഴിമതിക്കെതിരായ അന്വേഷണ സംഘത്തെ പോലും നിയോഗിച്ചില്ലെന്ന് ഷാ പറഞ്ഞു.
Read more: പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗം, ഒരുനാള്‍ അധികാരം സ്വന്തമാക്കും: വിദേശകാര്യ മന്ത്രി