ന്യൂഡല്‍ഹി: പാക്ക് അധീനതയിലുള്ള കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്നും ഒരുനാള്‍ ആ മേഖലയുടെ അധികാരവും ഇന്ത്യയ്ക്ക് ലഭിക്കുമെന്നും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്. ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
‘പാക് അധീന കശ്മീരിനെ കുറിചുള്ള ഞങ്ങളുടെ നിലപാട് ഇന്നും എന്നും വ്യക്തമാണ്. പാക് അധീനകശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. ഒരു ദിവസം ഇതിന് മേല്‍ ഇന്ത്യ അധികാരം സ്ഥാപിക്കും.’ മന്ത്രി പറഞ്ഞു. പാക്കിസ്താന് ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന ക്രൂരതകളെയും വിദേശകാര്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.
‘പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സ്ഥിതി പുതിയ കാര്യമല്ല. അവര്‍ ന്യൂനപക്ഷങ്ങളെ കൈകാര്യം ചെയ്യുന്നത് നോക്കൂ. കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ അവര്‍ ഈ കണക്കുകള്‍ പുറത്തുവിടുന്നുത് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സിന്ധ് പ്രവിശ്യയില്‍ ഈയടുത്ത് നടന്ന സംഭവം കഴിഞ്ഞ നൂറു ദിവസങ്ങള്‍ക്കിടയില്‍ നടന്ന ഒറ്റ സംഭവമല്ല. സിഖ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയതിന്റെ പേരില്‍ മുമ്പും കേസുകളുണ്ടായിട്ടുണ്ട്. മനുഷ്യാവകാശ ഓഡിറ്റ് ഉണ്ടാകുകയാണെങ്കില്‍ ആരായിരിക്കും പട്ടികയില്‍ അവസാനം ഉണ്ടാകുക എന്ന് എനിക്ക് ഉറപ്പിച്ച് പറയാം.’ മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിക്കിള്‍ 370 അല്ല പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരതയാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഏതെങ്കിലും രാജ്യം അയല്‍രാജ്യത്തിനെതിരെ ഭീകരതയെ നയമാക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.