എഴുത്തുകാരനും കവിയുമായ വിജയ് നന്പീശൻ (54) നിര്യാതനായി. വായനക്കാരുടെയും എഴുത്തുകാരുടെയും പ്രശംസ പിടിച്ചുപറ്റിയ എഴുത്തുകാരനായിരുന്നു വിജയ് നമ്പീശൻ. ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിൽ ശ്രദ്ധേയമായ പേരുകളിലൊന്നാണ് മലയാളിയായ വിജയ് നമ്പീശന്റേത്.

1988 ൽ അദ്ദേഹം അഖിലേന്ത്യാ കവിത മത്സരത്തിൽ ഒന്നാമതെത്തിയിരുന്നു.
ഡോം മൊറൈസും ജീത് തയ്യിലുമായി ചേർന്ന് അദ്ദേഹം രചിച്ച കാവ്യസമാഹാരമാണ് ‘ജെമിനി’. ഭാഷാ പ്രയോഗത്തിന്റെ നൈതികതിലൂന്നിയ എഴുത്തിലൂടെ വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയ സാഹിത്യകാരനാണ് വിജയ് നമ്പീശൻ. ‘ലാംഗ്വേജ് ആസ് ആൻ എത്തിക്’ എന്ന പുസ്തത്തിലൂടെ എഴുത്തുകാരുടെയും വായനക്കാരുടെ അഭിനന്ദനം ഏറ്റുവാങ്ങി.

‘മദ്രാസ് സെൻട്രൽ’ എന്ന അദ്ദേഹത്തിന്റെ കവിത വിമർശകരിൽ നിന്നും വായനക്കാരിൽ നിന്നും ഏറെ പ്രശംസ പിടിച്ചു പറ്റിയ കവിതയായിരുന്നു. ഈ കവിതയാണ് ബ്രിട്ടീഷ് കൗൺസിലുമായി ചേർന്ന് പൊയട്രി സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച അഖിലേന്ത്യാ കവിതാ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയത്.

മദ്രാസ് ഐ ഐ ടിയിൽ നിന്നും ബിരുദം നേടിയ നമ്പീശൻ പ്രമുഖ കവികളായ പൂന്താനം, മേൽപ്പത്തൂർ നാരായണ ഭട്ടതിരി എന്നിവരുടെ ഭക്തകാവ്യങ്ങൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരി കാവേരി നമ്പീശനാണ് ഭാര്യ. ദ് സെന്റ് ഓഫ് പെപ്പർ’, ദ് ട്രൂത്ത് (ആൾമോസ്റ്റ്) എബൗട്ട് ഭാരത്’ 2008ലെ മാൻ ഏഷ്യൻ പ്രൈസിൽ നോമിനേറ്റ് ചെയ്യപ്പെട്ട ‘ദ് സ്റ്റോറി ദാറ്റ് മസ്റ്റ് നോട്ട് ബീ ടോൾഡ്’ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
രാമചന്ദ്ര ഗുഹ, ജീത് തയ്യിൽ തുടങ്ങി നിരവധിപേർ ട്വിറ്ററിലൂടെയും ആദരാഞ്ജലി അർപ്പിച്ചു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ