അഹമ്മദാബാദ്: കോവിഡ് ബാധിച്ച് മരിച്ചവരുടേതെന്ന് കരുതുന്ന മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ കണ്ടെത്തിയ സംഭവത്തോട് പ്രതികരിച്ചുള്ള കവിതയ്ക്കെതിരെ ഗുജറാത്ത് സാഹിത്യ അക്കാദമി. ഗുജറാത്തി കവിയത്രി പരുള്‍ ഖഖര്‍ എഴുതിയ കവിത അരാജകത്വം പ്രചരിപ്പിക്കുന്നതാണെന്നാണ് അക്കാദമിയുടെ വിമര്‍ശനം.
അക്കാദമിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ശബ്ദസൃഷ്ടിയുടെ ജൂണ്‍ പതിപ്പിലെ എഡിറ്റോറിയലിലാണ് കവിതക്കെതിരെ വിമര്‍ശനമുള്ളത്. കവിത ചര്‍ച്ച ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ ‘സാഹിത്യ നക്സലുകള്‍’ എന്നാണ് എഡിറ്റോറിയല്‍ വിശേഷിപ്പിക്കുന്നത്.
എഡിറ്റോറിയല്‍ എഴുതിയ കാര്യം അക്കാദമി ചെയര്മാന് വിഷ്ണു പാണ്ഡ്യ സ്ഥിരീകരിച്ചു. ‘ശവ വാഹിനി ഗംഗ’ എന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലെങ്കിലും താന്‍ ഉദ്ദേശിച്ചത് കവിതയാണെന്ന് അദ്ദേഹം പറഞ്ഞു. വളരെയധികം പ്രശംസ പിടിച്ചുപറ്റിയ ഈ കവിത നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു.
കവിതയെ ‘പ്രക്ഷോഭത്തിന്റെ അവസ്ഥയില്‍ പ്രകടിപ്പിച്ച അര്‍ത്ഥശൂന്യത’ എന്ന് വിശേഷിപ്പിച്ച എഡിറ്റോറിയല്‍, വാക്കുകള്‍ ‘കേന്ദ്രവിരുദ്ധവും കേന്ദ്രത്തിന്റെ ദേശീയ പ്രത്യയശാസ്ത്രങ്ങള്‍ക്കു വിരുദ്ധവുമായ’ ശക്തികള്‍ ദുരുപയോഗം ചെയ്തതായി കുറ്റപ്പെടുത്തുന്നു. ഇന്ത്യയോട് പ്രതിബദ്ധതയില്ലാത്ത ഇടതുപക്ഷക്കാരും ലിബറലകളും ആരും ശ്രദ്ധിക്കാത്തവരും ഈ കവിത ഉപയോഗപ്പെടുത്തി. അത്തരം ആളുകള്‍ ഇന്ത്യയിലുടനീളം കുഴപ്പങ്ങള്‍ വ്യാപിപ്പിക്കാനും അരാജകത്വവും സൃഷ്ടിക്കാനും ആഗ്രഹിക്കുന്നു. എല്ലാ മേഖലകളിലും സജീവമായിരിക്കുന്ന അവര്‍ വൃത്തികെട്ട ഉദ്ദേശ്യത്തോടെയാണ് സാഹിത്യത്തിലും ഇടപെടുന്നത്. ഈ കവിതയുമായി സ്വന്തം സങ്കടവും സന്തോഷവും ബന്ധപ്പെടുത്താന്‍ കഴിയുന്ന ഒരു വിഭാഗത്തെ സ്വാധീനിക്കുക എന്നതാണ് ഈ സാഹിത്യ നക്സലുകളുടെ ഉദ്ദേശ്യമെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.
Also Read: രാജ്യത്തെ കോവിഡ് മരണസംഖ്യ എന്തുകൊണ്ടാണ് പെട്ടെന്ന് ഉയര്‍ന്നത്?
ഖഖറിന്റെ മുന്‍കാല കൃതികള്‍ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അവരില്‍നിന്ന് ഭാവിയില്‍ നല്ല രചനകളുണ്ടായാല് ഗുജറാത്തി വായനക്കാര്‍ സ്വാഗതം ചെയ്യുമെന്നും എഡിറ്റോറിയല്‍ പറയുന്നു.
കവിതയുടെ സത്ത ‘ശവവാഹിനി ഗംഗയില്‍ ഇല്ലെന്നും കവിതയെഴുതാനുള്ള ശരിയായ മാര്‍ഗം ഇതല്ലെന്നും പാണ്ഡ്യ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ഇത് കേവലം, ഒരാളുടെ കോപമോ നിരാശയോ വെളിപ്പെടുത്തലാവാം. ഇത് ലിബറലുകളും മോഡി, ബിജെപി വിരുദ്ധ, സംഘ (ആര്‍എസ്എസ്) വിരുദ്ധ ഘടകങ്ങളും ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഖഖറിനാട് വ്യക്തിപരമായ വിരോധമില്ല. എന്നാല്‍ ഇത് ഒരു കവിതയല്ല, നിരവധി ഘടകങ്ങള്‍ ഇത് സാമൂഹിക വിഘടനത്തിനുള്ള ആയുധമായി ഉപയോഗിക്കുന്നുവെന്നും പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.
മേയ് 11 നാണ് ഖഖര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ 14 വരി കവിത പോസ്റ്റ് ചെയ്തത്. ഇന്നലെ പലതവണ ശ്രമിച്ചിട്ടും അവരെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.