ന്യൂഡൽഹി: പോക്സോ കേസിൽ വിവാദ വിധി പ്രസ്താവിച്ച ബോംബെ ഹൈക്കോടതി അഡീഷണൽ ജഡ്ജി ജസ്റ്റിസ് പുഷ്പ വി ഗണേഡിവാലയെ സ്ഥിരം ജഡ്ജിയായി നിയമിക്കാനുള്ള ശുപാർശ പിൻവലിക്കാൻ സുപ്രീം കോടതി കൊളീജിയം ഒരുങ്ങുന്നു. പോക്സോ നിയമപ്രകാരമുള്ള രണ്ട് ലൈംഗികാതിക്രമ കേസുകളിൽ ജസ്റ്റിസ് പുഷ്പ വി ഗണേദിവാല പുറപ്പെടുവിച്ച വിവാദ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി കൊളീജിയത്തിന്റെ നടപടി.
ജില്ലാ ജഡ്ജിയായി 2007ലാണ് ജുഡിഷ്യൽ കരിയർ ആരംഭിച്ച പുഷ്പ ഗണേഡിവാല 2019 ഫെബ്രുവരി 8നാണ് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിതയായത്. ഒന്നുകിൽ ഈ സ്ഥാനത്ത് നിന്ന് തരംതാഴ്ത്തുകയോ അല്ലെങ്കിൽ പ്രൊബേഷൻ കാലാവധി കുറച്ചു വർഷം കൂടി നീട്ടുകയോ ചെയ്യാനാണ് കോടതിയുടെ തീരുമാനം.
മുൻ കാലങ്ങളിൽ ഹൈക്കോടതി സ്ഥിരം ജഡ്ജിമാരുടെ സ്വഭാവവുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പരിഗണിക്കവെ ഇത്തരം പരോക്ഷമായ നടപടികൾ സുപ്രീം കോടതി ഇൻ-ഹൌസ് കൈക്കൊണ്ടിട്ടുണ്ട്. രാജി ആവശ്യപ്പെടുന്നതിനുള്ള അഭ്യർത്ഥനകൾ മുതൽ ബദൽ നിയമസമാന നിയമനങ്ങൾ ഉറപ്പാക്കുന്നത് വരെയുള്ള നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്.
ഈ കൺവെൻഷൻ ലംഘിക്കുന്നതിലൂടെ, ഒരു ജഡ്ജിയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ കൊളീജിയത്തിന് നേരിട്ടുള്ള ഇടപെടലിന് ഒരു മാതൃക വെക്കാൻ മാത്രമല്ല, ജുഡീഷ്യൽ ഉടമസ്ഥാവകാശം പാലിക്കാൻ ജഡ്ജിമാർക്ക് ശക്തമായ സന്ദേശം അയയ്ക്കാനും കഴിയും.
വിധിന്യായങ്ങളുടെ ഗുണനിലവാരം മാത്രമാണ് കൊളീജിയം പരിഗണിക്കുകയെന്നും ജഡ്ജിയുടെ സത്യസന്ധതയോ ആത്മാർഥതയോ ചോദ്യം ചെയ്യാറില്ലെന്നും വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Read More: ‘ചർമത്തിൽ തൊട്ടില്ലെങ്കിൽ ലൈംഗികാതിക്രമമല്ല’; വിവാദ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ
പോക്സോ കേസുകളിൽ വിവാദ വിധി പുറപ്പെടുവിച്ച ജഡ്ജിയാണ് ജസ്റ്റിസ് പുഷ്പ. ചർമ്മത്തിൽ നേരിട്ട് സ്പർശിക്കാതെ ശരീരത്തിൽ തൊടുന്നത് ലൈംഗിക പീഡനമാകില്ലെന്ന ഉത്തരവ് വലിയ കോലാഹലങ്ങൾക്ക് ഇടവച്ചിരുന്നു. പോക്സോ കേസുകളിൽ ഒരാഴ്ച്ചയ്ക്കിടെ മൂന്ന് വ്യത്യസ്ത കേസുകളിലായുള്ള പ്രതികളെ പുഷ്പ വി ഗനേഡിവാല കുറ്റവിമുക്തരാക്കിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈയ്യില്‍ പിടിക്കുന്നതോ പാന്റിന്റെ സിപ് അഴിപ്പിക്കുന്നതോ പോക്സോ നിയമപ്രകാരം ലൈംഗിക അതിക്രമം അല്ലെന്ന് ഇവർ വിധിച്ചിരുന്നു. ജനുവരി, 14, 15, 19 എന്നീ ദിവസങ്ങളിലാണ് ഈ വിധിപ്രസ്താവങ്ങൾ പുറത്തുവന്നത്. അതിനുശേഷവും ഇത്തരം വിവാദ വിധികൾ പുറത്തുവന്നിരുന്നു. മറ്റൊരു കേസിൽ ഇരയുടെ വായ പൊത്തിപ്പിടിച്ച് വസ്ത്രമഴിച്ച് ബലാത്സംഗം ചെയ്യുക അസാധ്യമാണെന്ന് കണ്ടെത്തി പോക്സോ കേസിൽ പ്രതിയെ ഇവർ വെറുതെ വിട്ടിരുന്നു.
Read More: വസ്ത്രം മാറ്റാതെ ശരീരത്തിൽ തൊടുന്നത് പോക്സോ പ്രകാരം ലൈംഗികാതിക്രമമല്ല: ബോംബെ ഹൈക്കോടതി
ജനുവരി 19 നാണ് 12 വയസ് പ്രായമുള്ള കുട്ടിയുടെ വസ്ത്രം നീക്കാതെ മാറിടത്തിൽ സ്പർശിക്കുന്നത് പോക്സോ വകുപ്പ് പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്റെ കീഴിൽ വരില്ലെന്ന വിവാദ വിധി പ്രസ്താവം ജസ്റ്റിസ് നടത്തിയത്. പിന്നീട് സുപ്രീം കോടതി ഈ വിധി സ്റ്റേ ചെയ്തിരുന്നു.