ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരന്‍ നേഹല്‍ മോദിക്ക് ഇന്‍റര്‍പോളിന്‍റെ റെഡ് കോര്‍ണര്‍ നോട്ടീസ്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് നേഹൽ മോദിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ബെൽജിയം പൗരനായ നേഹൽ ഇപ്പോൾ അമേരിക്കയിലാണെന്നാണ് വിവരം.

നേരത്തെ നേഹൽ മോദിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണം എന്ന ആവശ്യവുമായി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഇന്റർപോളിനെ സമീപിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കാൻ നീരവ് മോദിക്ക് സഹായം ചെയ്തുവെന്ന കുറ്റമാണ് നേഹലിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കാനും തെളിവ് നശിപ്പിക്കാനും ബോധപൂർവ്വം ശ്രമിച്ചുവെന്നാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്.

പണം തിരിമറി ചെയ്യുന്നതിനായി രാജ്യത്തിന് പുറത്ത് 15 ഡമ്മി കമ്പനികൾ ഉണ്ടാക്കിയതായി നേരത്തെ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. പതിനേഴോളം ഡമ്മി ഡയറക്ടർമാരെ സൃഷ്ടിച്ചുവെന്ന് അന്വേഷണ ഏജൻസി കണ്ടെത്തി. ദുബായിലും ഹോങ്കോങ്ങിലുമുള്ള ഡമ്മി ഡയറക്ടര്‍മാരുടെ മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചതും ഇവര്‍ക്ക് കെയ്‍റോയിലേക്ക് ടിക്കറ്റ് തരപ്പെടുത്തി നല്‍കിയതും നേഹല്‍ മോദിയാണെന്ന് എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തി. ഈ ഡയറക്ടർമാരെല്ലാം നീരവിന്റെ കമ്പനിയിലെ ജോലിക്കാരോ നേരത്തെ ജോലി ചെയ്തിരുന്നവരോ ആണ്. 8000 മുതൽ 30000 രൂപ വരെ ശമ്പളം വാങ്ങിയിരുന്ന തൊഴിലാളികളെയാണ് ഇത്തരത്തിൽ കമ്പനി ഡയറക്ടർമാരായി നിയമിച്ചത്.

Also Read: നീരവ് മോദിയുടെ സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

സാമ്പത്തിക തട്ടിപ്പ് കേസിനെ തുടര്‍ന്ന് രാജ്യം വിട്ട നീരവ് മോദിയുടെ സ്വിസ് ബാങ്കിലെ അക്കൗണ്ടുകള്‍ നേരത്തെ മരവിപ്പിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യർഥനയെ തുടര്‍ന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ അക്കൗണ്ട് മരവിപ്പിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തട്ടിപ്പ് നടത്തിയ പണം സ്വിസ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായി സൂചന നല്‍കിയതിനെ തുടര്‍ന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് സ്വിസ് സര്‍ക്കാരിനോട് അക്കൗണ്ട് മരവിപ്പിക്കാന്‍ അഭ്യർഥിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook