മുംബൈ: സാമ്പത്തിക തട്ടിപ്പിൽ രാജ്യം വിട്ടുപോയ വജ്ര വ്യാപാരി നീരവ് മോദിയ്ക്കും ബന്ധുവായ മെഹുൽ ചോക്സിയ്ക്കുമെതിരെ ജാമ്യമില്ലാ വാറണ്ട്. മുംബൈ പ്രത്യേക കോടതിയാണ് ഇരുവർക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. അന്വേഷണവുമായി ഇരുവരും സഹകരിക്കുന്നില്ലെന്ന് കാണിച്ച അന്വേഷണസംഘത്തിന്റെ ആവശ്യം മാനിച്ചാണ് കോടതി നടപടി എടുത്തത്. 13,000 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് പിഎന്‍ബി വെളിപ്പെടുത്തിയതിന് പിന്നാലെ ഇരുവരും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് നീരവ് രാജ്യം വിട്ടത്. ജനുവരി 29നാണ് നീരവിനെതിരെയുള്ള 280 കോടിയുടെ തട്ടിപ്പിന്റെ പരാതി പിഎൻബി സിബിഐയ്ക്ക് നൽകുന്നത്. 31ന് എഫ്ഐ.ആർ രജിസ്റ്റർ ചെയ്ത് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. തുടർന്ന് മോദിയുടെ സ്ഥാപനങ്ങളിലും വീട്ടിലും ഉൾപ്പെടെ എൻഫോഴ്സ്മെന്റ് വിഭാഗവും സി.ബി.ഐയും തിരച്ചിൽ നടത്തി.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നീരവ് മോദിയ്ക്കും അദ്ദേഹത്തിന്റെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയ്ക്കുമെതിരെ റജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കേസിന്റെ ഭാഗമായി രാജ്യത്തെമ്പാടുമായി 251 സെര്‍ച്ചുകള്‍ നടത്തിയിട്ടുണ്ട്. പരിശോധനയില്‍ വിലപിടിച്ച ഡയമണ്ടുകളും സ്വർണവും മുത്തുകളുമെല്ലാം കണ്ടു കെട്ടിയിട്ടുണ്ട്. കണ്ടുകെട്ടിയ വസ്തുക്കളുടെ ഏകദേശ വില 7638 കോടി രൂപയാണ്.
നീരവ് മോദിയുടെ പേരിലുള്ള 21 വസ്തുവകകള്‍ കഴിഞ്ഞ മാസം ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. 11400 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയതിനാണ് നീരവ് മോദിയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സഹകരിക്കാന്‍ തയ്യാറാകില്ലെന്ന് ചോക്‌സി അറിയിച്ചതിന് പിന്നാലെയാണ് റെയ്ഡ് എന്നതും ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ