ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,400 കോടിയുടെ വായ്പ എടുത്ത ശേഷം വിദേശത്തേക്ക് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ 637 കോടിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. അമേരിക്കയിലെ ആഡംബര വസതിയടക്കമാണ് കണ്ടു കെട്ടിയത്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമം അനുസരിച്ചാണ് നടപടി.
ആഭരണങ്ങള്‍, ഫ്ലാറ്റുകള്‍, ഇന്ത്യ, ബ്രിട്ടന്, അമേരിക്ക എന്നിങ്ങനെ അഞ്ച് രാജ്യങ്ങളിലെ സ്വത്തുക്കള്‍. ബാങ്കുകളിലുള്ള സ്വത്തുക്കള്‍ തുടങ്ങിയവയും കണ്ടുകെട്ടിയിട്ടുണ്ട്. നേരത്തെ, മാര്‍ച്ചില്‍ മോദിയുടെ 36 കോടി എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരുന്നു. വിദേശത്തെ അഞ്ച് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 216 കോടിയുടെ സ്വത്തുക്കളും കണ്ടുകെട്ടി. ഹോങ്കോംഗില്‍ നിന്ന് കൊണ്ടുവന്ന 22.69 കോടിയുടെ വജ്രാഭരണങ്ങള്‍, മുംബയിലുള്ള 19.5 കോടിയുടെ ഫ്ളാറ്റ് എന്നിവയും കണ്ടുകെട്ടി.
കേസില്‍ നീരവ് മോദിയുടെ അമ്മാവനായ മെഹുല്‍ ചോക്സിയും പ്രതിയാണ്. ഇരുവര്‍ക്കുമെതിരെ സി.ബി.ഐ പ്രത്യേകം കേസെടുക്കുകയും ചെയ്തിട്ടുണ്ട്.അതേസമയം, വായ്പാ തട്ടിപ്പ് കേസിലെ പ്രതികളിലൊരാളായ ആദിത്യ നാനാവതിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. എന്‍ഫോഴ്സ്മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരമാണിത്. നീരവ് മോദിക്കെതിരെ നേരത്തേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.