ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ഗിതാഞ്ജലി ഗ്രൂപ്പിൽ പ്രമുഖ മാധ്യമസ്ഥാപനങ്ങളും നിക്ഷേപം നടത്തിയതായി വ്യക്തമായി. ഇന്ത്യൻ എക്‌സ്‌പ്രസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമകളായ ബെന്നെറ്റ് കോൾമാൻ ആന്റ് കമ്പനി ലിമിറ്റഡാണ് നിക്ഷേപം നടത്തിയത്.
ഹിന്ദുസ്ഥാൻ ടൈംസ്, കമ്പനിയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നതായി വ്യക്തമാക്കി നൽകിയ കത്തും ഇതിന് ഡിബഞ്ചറുകൾ അനുവദിക്കാൻ 2017 ഡിസംബർ ഒന്നിന് ഓഹരി ഉടമകൾ സമ്മതിച്ചു. ബോംബെ സ്റ്റോക് എക്സ്‌ചേഞ്ചിൽ നിന്നുളള രേഖകൾ ഇത് സാക്ഷ്യപ്പെടുത്തുന്നു.
ടൈംസ് ഓഫ് ഇന്ത്യയുടെയും ഇക്കണോമിക് ടൈംസിന്റെയും ഉടമകളായ ബെന്നെറ്റ് കോൾമാൻ ആന്റ് കമ്പനിക്ക് ഗീതാജ്ഞലി ജെംസ് ലിമിറ്റഡിന്റെ രണ്ട് ഉപകമ്പനികളിലാണ് നിക്ഷേപം ഉളളത്. 32.5 കോടി രൂപ വിലവരുന്ന അഞ്ച് കൺവേർട്ടിബിൾ വാറണ്ടാണ് നക്ഷത്ര ബ്രാന്റ്സ് ലിമിറ്റഡിൽ നിന്നും ഗിലി ഇന്ത്യ ലിമിറ്റഡിൽ നിന്നും ബെന്നറ്റ് കോൾമാൻ ആന്റ് കമ്പനി വാങ്ങിയത്.
ഹിന്ദുസ്ഥാൻ, ഹിന്ദുസ്ഥാൻ ടൈംസ്, മിന്റ് എന്നീ മാധ്യമസ്ഥാപനങ്ങളുടെ ഉടമകളായ എച്ച്ടി മീഡിയ ലിമിറ്റഡിന് 30.6 കോടിയുടെ കൺവേർട്ടിബിൾ ഡിബഞ്ചറുകൾ അനുവദിക്കാനാണ് ഓഹരി ഉടമകൾ സമ്മതിച്ചത്. എന്നാൽ “തങ്ങൾ ഗീതാഞ്ജലി ഗ്രൂപ്പിൽ നിക്ഷേപം നടത്തിയിട്ടില്ല” എന്ന് എച്ച്ടി മീഡിയ ഗ്രൂപ്പിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പിയൂഷ് ഗുപ്‌ത പറഞ്ഞു.
അതേസമയം ബെന്നറ്റ് കോൾമാൻ ആന്റ് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജ് ജെയിനെ ബന്ധപ്പെടാൻ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഇദ്ദേഹം ഇ-മെയിൽ സന്ദേശങ്ങൾക്കും ഫോൺ കോളിനും എസ്എംഎസുകൾക്കും മറുപടി നൽകിയില്ല. എച്ച്ടി മീഡിയക്ക് ഡിബഞ്ചർ അനുവദിക്കാനുളള തീരുമാനം പാസാക്കിയ യോഗത്തിന് രണ്ട് മാസം കഴിഞ്ഞപ്പോഴാണ് സിബിഐ ഗിതാഞ്ജലി ഗ്രൂപ്പ് ഉടമ നീരവ് മോദിക്കും ഭാര്യയ്ക്കും മകനും എതിരെ കേസ് റജിസ്റ്റർ ചെയ്തത്. ജനുവരി 31ന് റജിസ്റ്റർ ചെയ്ത കേസിൽ 280 കോടിയുടെ തട്ടിപ്പാണ് പഞ്ചാബ് നാഷണൽ ബാങ്ക് വ്യക്തമാക്കിയത്. എന്നാൽ 14 ദിവസങ്ങൾക്ക് ശേഷം ഇത് 11400 കോടിയാക്കി ഉയർത്തി.
കഴിഞ്ഞ 59 മാസങ്ങൾക്കിടെ ബെന്നെറ്റ് കോൾമാൻ ആന്റ് കമ്പനി വാറണ്ടുകൾ മടക്കി നൽകിയിട്ടില്ല. ഇത് മടക്കി നൽകിയാൽ 38.5 കോടി രൂപ വീതം രണ്ട് കമ്പനികളും ഇവർക്ക് മടക്കിനൽകണം.