ന്യൂഡൽഹി: നീരവ് മോദിയുടെ യുകെയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ അപേക്ഷ നൽകുന്നതിന് അനുമതി തേടി സിബിഐ സംഘം കോടതിയിലേക്ക്. 12700 കോടി പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വായ്‌പയെടുത്ത് രാജ്യം വിട്ട രത്ന വ്യാപാരി, വൻ സാമ്പത്തിക തട്ടിപ്പാണ് നടത്തിയത്.

യുകെയിലെ ബാർക്ലെയ്‌സ് ബാങ്കിലെ നീരവ് മോദിയുടെ അക്കൗണ്ടിൽ ഏതാണ്ട് 12 ലക്ഷം പൗണ്ടും 1244 അമേരിക്കൻ ഡോളറും ആണുളളത്. പൗണ്ട് 12 കോടി ഇന്ത്യൻ രൂപയും ഡോളർ 80000 രൂപയും മൂല്യമുളളതാണ്.

ബാങ്കിന് നീരവ് മോദിയുമായി പണമിടപാടിന് താത്പര്യമില്ലെന്നും, ബാങ്ക് അക്കൗണ്ടിലെ പണം നീരവ് മോദിക്ക് തിരികെ നൽകാൻ ശ്രമിക്കുന്നതായും സിബിഐ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ പണം ഇന്ത്യയിലെത്തിക്കാനാണ് സിബിഐ ശ്രമം.

സിബിഐ ഹർജി അംഗീകരിച്ച കോടതി പണം തിരികെ പിടിക്കാൻ കത്തയക്കാനുളള അനുമതി നൽകി.

നീരവ് മോദിയും ബന്ധുവായ മെഹുൽ ചോക്‌സിയും ചേർന്ന് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 12700 കോടി തട്ടിയെടുത്തെന്നാണ് കണ്ടെത്തിയത്. 19 പേരെ ഇതിനോടകം ഈ കേസിൽ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ