/indian-express-malayalam/media/media_files/uploads/2018/02/sinha.jpg)
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാരിനേയും പരിഹസിച്ച് ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. 11400 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ ഓഡിറ്റര്‍മാരെ പഴി ചാരുന്നതിനെയാണ് സിന്‍ഹ പരിഹസിച്ചത്. പ്യൂണിനെ അവര്‍ വെറുതെ വിട്ടതിന് ദൈവത്തോട് നന്ദി പറയുന്നുവെന്നായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ പരിഹാസം.
'നമ്മുടെ പഠിപ്പുള്ള ആളുകള്‍, നെഹ്‌റുവിന്റെ കാലം മുതലുള്ളവരെ കോണ്‍ഗ്രസ് ഭരണത്തിലെ പാളിച്ചകള്‍ക്ക് പഴി ചാരിയതിന് ശേഷം, പിഎന്‍ബി തട്ടിപ്പില്‍ ഓഡിറ്റര്‍മാരെ പഴി ചാരുകയാണ്. പ്യൂണിനെ അവര്‍ വെറുതെ വിട്ടതിന് ദൈവത്തിന് നന്ദി.' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഓഡിറ്റിങ് സംവിധാനത്തിലെ നൂലാമാലകളെ ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്ക്കുള്ള സിന്‍ഹയുടെ പരോക്ഷ മറുപടിയായിരുന്നു ഇത്. തട്ടിപ്പിന് കാരണമായത് ഓഡിറ്റിങ്ങിലെ സങ്കീർണ്ണതയാണെന്ന തരത്തില്‍ ജെയ്റ്റ്‌ലി പ്രതികരിച്ചിരുന്നു.
'പ്രധാന ചോദ്യം അതല്ല, പിഎന്‍ബിയുടെ യഥാര്‍ത്ഥ ഉടമകളെന്ന നിലയ്ക്ക് ആ ആറു വര്‍ഷത്തിലെ നാല് വര്‍ഷം സര്‍ക്കാര്‍ എന്തു ചെയ്യുകയായിരുന്നു എന്നാണ്' സിന്‍ഹ ചോദിക്കുന്നത്. ക്രമക്കേട് 2011 ല്‍ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് ആരംഭിച്ചതാണെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു സിന്‍ഹ.
'ഞങ്ങള്‍ക്ക് എന്തെങ്കിലും ഉത്തരം നല്‍കാന്‍ സാധിക്കുമോ സര്‍. എല്ലാ ബഹുമാനത്തോടെയും പറയട്ടെ, കയ്യടി മാത്രമല്ല തെറിവിളിയും നായകനുള്ളതാണ്' എന്നും അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നുണ്ട്. പ്രശസ്തമായ ഉറുദു ഈരടികളും ശത്രുഘ്‌നന്‍ സിന്‍ഹ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'കാടടച്ച് വെടിവയ്ക്കാതെ കൊള്ള നടന്നത് എന്തുകൊണ്ടെന്ന് പറയൂ, എനിക്ക് കൊള്ളക്കാര്‍ക്കെതിരെ പരാതിയില്ല, പക്ഷെ നിങ്ങളുടെ നേതൃത്വമാണ് സംശയത്തിന്റെ നിഴലിലുള്ളത്' എന്നര്‍ത്ഥം വരുന്ന വരികളാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഗ്ലോബല്‍ ബിസിനസ് സമ്മേളനത്തില്‍ സംസാരിക്കവേയാണ് ജെയ്റ്റ്‌ലി ഓഡിറ്റര്‍മാരെ പിഎന്‍ബി തട്ടിപ്പില്‍ പഴി ചാരിയിത്. ഓഡിറ്റര്‍മാര്‍ എപ്പോഴും ജാഗരൂകരായിരിക്കണമെന്നും അവരുടെ മൂന്നാം കണ്ണ് സദാ തുറന്നിരിക്കണമെന്നും പറഞ്ഞ ജെയ്റ്റ്‌ലി പക്ഷെ ഇന്ത്യയില്‍ എന്തിനും ഉത്തരം പറയേണ്ടത് രാഷ്ട്രീയക്കാരാണെന്നത് നിര്‍ഭാഗ്യകരമാണെന്നും പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.