മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11,000 കോടി രൂപ വെട്ടിച്ച വജ്രവ്യാപാരി നീരവ് മോദിയുടെയും അമ്മാവനും ഗീതാഞ്ജലി ഗ്രൂപ്പ് ഉടമസ്ഥനുമായ മെഹുൽ ചോക്സിയുടെയും 100 കോടി രൂപയോളം വിലമതിക്കുന്ന ഓഹരികളും മ്യൂച്ചല്‍ ഫണ്ടുകളും എന്‍ഫോഴ്സ്മെന്റ് മരവിപ്പിച്ചു.
മോദിയുടെ 94.52 കോടിയുടെ സ്വത്തുക്കളും ഒന്‍പത് അത്യാഡംബര കാറുകളും പിടിച്ചെടുത്തു. റോള്‍സ് റോയ്സ് ഗോസ്റ്റ്, മെഴ്സീഡസ് ബെന്‍സ്, പോര്‍ഷെ പനാമെര, ഹോണ്ടയുടെ മൂന്ന് കാറുകള്‍, ടയോട്ട ഫോര്‍ച്യൂണര്‍, ഇന്നോവ എന്നിവയാണ് പിടിച്ചെടുത്തത്. കൂടാതെ മോദിയുടെ ഉടമസ്ഥതയിലുളള വിലപിടിച്ച നിരവധി പെയിന്റിങ്ങുകളും കണ്ടുകെട്ടി. ഫ്രാന്‍സിസ് സൂസ, അമൃത ഷേര്‍ഗില്‍, വിഎസ് ഗൈത്തോണ്ട്, അക്ബര്‍ പദംശി, ഭാരതി ഖേര്‍, എംഎഫ് ഹുസൈന് എന്നിവരുടെ പെയിന്റിങ്ങുകളും ഇവയിലുണ്ട്.
നീരവിന്റെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും 145.74 കോടി രൂപ നിക്ഷേപമുള്ള അക്കൗണ്ടുകള്‍ ബുധനാഴ്ച എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയിട്ടുണ്ട്.
ചോക്സിയുടെ 86.72 കോടിയുടെ മ്യൂച്വൽ ഫണ്ടുകളും ഓഹരികളുമാണ് മരവിപ്പിച്ചിരിക്കുന്നത്. ബാക്കി 7.8 കോടിയുടെ ഓഹരികളും മ്യൂച്വൽ ഫണ്ടുകളും നീരവ് മോദിയുടേതാണ്. പിഎൻബിയിൽ നിന്ന് വായ്പ എടുത്ത ശേഷം ഇരുവരും വിദേശത്തേക്ക് മുങ്ങിയിരിക്കുകയാണ്.