ന്യൂഡൽഹി: കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച മെഗാ സാമ്പത്തിക പാക്കേജ് യുകെ പ്രഖ്യാപിച്ച പാക്കേജിന്റെ മാതൃകയിലേതെന്ന് വിദഗ്ധര്‍. ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി 20 ലക്ഷം കോടിയുടെ മെഗാ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. സാമ്പത്തിക പാക്കേജിന്റെ കൂടുതൽ വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. നാലാംഘട്ട ലോക്ക്ഡൗണിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

യുകെയുടെ 3000 കോടി പൗണ്ടിന്റെ സാമ്പത്തിക ഉത്തേജന പാക്കേജിൽ തൊഴില്‍ വിപണിക്കും ആരോഗ്യ മേഖലയ്ക്കും വലിയ വിഹിതമാണ് നീക്കിവച്ചത്. ഇതുകൂടാതെ വ്യവസായങ്ങൾക്കായി 33000 കോടി പൗണ്ടിന്റെ ഗ്യാരണ്ടീഡ് വായ്പകളും നീക്കിവച്ചു.

Read More: ലോകത്ത് രോഗികളുടെ എണ്ണം 43 ലക്ഷം കടന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജും സമാനമായ രീതിയിലുളളതെന്നാണ് കരുതുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് തൊഴിൽ വിപണിക്കും ചെറുകിട വ്യാപാരങ്ങൾക്കും ഉൾപ്പെടെ എല്ലാ മേഖലകള്‍ക്കും ഉപകരിക്കുന്ന സമഗ്രമായ പാക്കേജായിരിക്കുമെന്നും ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

പാക്കേജിന്റെ പത്ത് ശതമാനം കോവിഡ് പ്രതിരോധത്തിന് നീക്കിവയ്ക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജിഡിപിയുടെ പത്ത് ശതമാനം വരുന്ന പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കർഷകർ, ചെറുകിട വ്യവസായങ്ങൾ, ഇടത്തരക്കാർ,തൊഴിലാളികൾ, മധ്യവർഗം എന്നിവർക്കാണ് പാക്കേജിന്റെ ഗുണം ലഭിക്കുക.

മഹാമാരി സൃഷ്ടിച്ച സാമ്പത്തിക തകർച്ചയെക്കുറിച്ച് പഠിക്കാനും പരിഹാരം കാണാനും രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന് നേതൃത്വം നൽകുന്ന ധനമന്ത്രി നിർമ്മല സീതാരാമൻ പാക്കേജിന്റെ വിശദാംശങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മാര്‍ച്ചില്‍ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് ഉള്‍പ്പെടുന്ന 20 ലക്ഷം കോടി രൂപയുടെ പുതിയ പാക്കേജ് രാജ്യത്തിന്റെ ജിഡിപിയുടെ പത്തിലൊന്നാണ്. ഇത് ഇന്ത്യയ്ക്ക് പുതിയ ഉത്തേജനം നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഏഴാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, മാസങ്ങളായി സാമ്പത്തിക മാന്ദ്യത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ ഒരു വലിയ ആഘാതം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യവസായ സ്ഥാപനങ്ങൾ അടച്ചിടുകയും വരുമാനം നിലയ്ക്കുകയും ചെയ്തതോടെ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ധനസ്ഥിതി അപകടത്തിലാണ്.

വരുമാനത്തിന്റെ വലിയൊരു പങ്കും സാമ്പത്തിക പാക്കേജും ആവശ്യപ്പട്ട് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരും പ്രധാനമന്ത്രി മോദിയും തമ്മില്‍ നടന്ന യോഗത്തിലും ആവശ്യം ആവര്‍ത്തിച്ച് ഉന്നയിച്ചിരുന്നു.

വർഷം കഴിയുന്തോറും വളർച്ചാ നിരക്ക് കുറയുമെന്നാണ് കണക്കുകൾ. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യ വെറും 1.5-2.8 ശതമാനം വളർച്ച നേടുമെന്നാണ് ലോകബാങ്കിന്റെ പ്രവചനം. പോയ വർഷം ഇത് 4.8-5.0 ശതമാനമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook